photo

നെടുമങ്ങാട് : ഭർത്താവിന്റെ അമിതമദ്യപാനവും ശാരീരികോപദ്രവും ഭയന്ന് പൊലീസിൽ പരാതി നൽകിയ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പനയമുട്ടം മൺപുറം മരുതുംമൂട് വീട്ടിൽ കൊച്ചനി എന്ന് വിളിക്കുന്ന എസ്. അനിൽകുമാറിനെ (50) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഭാര്യ ചുള്ളിമാനൂർ നെടുംപാറ തോട്ടരികത്തു വീട്ടിൽ ജി. സുമിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സുമിത കൂലിപ്പണി ചെയ്താണ് രണ്ടു പെൺമക്കളടങ്ങിയ കുടുംബം പോറ്റുന്നത്. ശനിയാഴ്ച രാവിലെ ആറോടെ സുമിത ജോലിക്ക് പോകുന്ന വഴിയിൽ ഒളിച്ചിരുന്ന് തടഞ്ഞുനിറുത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ സുമിത നിലവിളിച്ചു കൊണ്ട് അടുത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ സിറ്റൗട്ടിൽ ഓടിക്കയറിയെങ്കിലും കൂടെ എത്തിയ അനിൽകുമാർ അവിടെ വച്ചും തലയിൽ പലപ്രാവശ്യം വെട്ടി. പരിസര വാസികൾ ഓടിയെത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. ഇയാളുമായുള്ള ബന്ധം വേർപെടുത്തണമെന്നും ഗാർഹിക പീഡനത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സുമിത നെടുമങ്ങാട് പൊലീസിൽ നല്കിയിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചുള്ളിമാനൂരിലുള്ള ഒരു കടയിൽ നിന്ന് വാടകയ്ക്കെടുത്ത വെട്ടുകത്തിയാണ് വെട്ടാൻ ഉപയോഗിച്ചത്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എ.എസ്.ഐമാരായ സാബിർ, ഫ്രാങ്ക്ളിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു ആർ.എസ്, ബിജു.സി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.