വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാലുംമുഖം സ്വദേശി ജ്ഞാനദാസിനെ ആക്രമിക്കാൻ ആയുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. അഞ്ചുമരങ്കാല നാടാർകോണം ജിജോ ഭവനിൽ ജോബിൻ (23) ആണു പിടിയിലായത്.

ഞായറാഴ്ച രാത്രി 8.40 ന് ബൈക്കുകളിലാണ് അഞ്ചംഗ സംഘം എത്തിയത്. ആക്രമികൾ വീടിന്റെ പരിസരത്ത് എത്തിയവിവരം, വീട്ടിലില്ലായിരുന്ന വൈസ് പ്രസിഡന്റിനെ ആരോവിളിച്ചറിയിച്ചു. ഇതിനെ തുടർന്ന് വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. എസ്.ഐയും സംഘവും എത്തിയതോടെ ആക്രമി സംഘം ഓടി രക്ഷപ്പെടാൻനോക്കി. അതിനിടയിലാണ് ജോബിൻ (23) പിടിയിലായത്. ആക്രമികൾ എത്തിയ ഒരു ബൈക്കും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഡാലുംമുഖത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തുന്നതിനെതിരെ ശക്തമായ നിലപാട് എടുത്തതിലുള്ള പ്രതികാരമാണിതെന്നും പറയപ്പെടുന്നു. പിടിയിലായ ജോബിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.