കിളിമാനൂർ: തമിഴ്നാട്ടിൽ ഉൾപ്പെടെ ഉപയോഗ ശൂന്യമായ കുഴൽക്കിണറുകളിൽ കുരുന്നുകൾ വീണ് ദാരുണാന്ത്യം സംഭവിക്കുന്ന വാർത്തകൾ പതിവായിട്ടും കിളിമാനൂർ ഗവ. ടൗൺ യു.പി.എസിന് മുന്നിലായി വാട്ടർ അതോറിട്ടിയുടെ മരണ കിണർ. എഴുന്നൂറോളം പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിൽ ഒരു വർഷം മുൻപാണ് വാട്ടർ അതോറിട്ടി മേൽ മൂടിയില്ലാത്ത കിണർ സ്ഥാപിച്ചിരിക്കുന്നത്. കിളിമാനൂർ, പഴയകുന്നുമ്മൽ, മടവൂർ പഞ്ചായത്തുകൾക്കുള്ള സമഗ്ര ശുദ്ധജല കുടിവെള്ള പദ്ധതിക്കായി സ്കൂളിന് മുന്നിൽ പഴയ സംസ്ഥാന പാതക്ക് മുന്നിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത പൈപ്പ് ലൈനിന്റെ നിയന്ത്രണത്തിനായിട്ടാണ് രണ്ട് മീറ്ററോളം ആഴത്തിൽ 20 സെന്റിമീറ്ററോളം വ്യാസത്തിലുള്ള കുഴൽ നിർമ്മിച്ച് അടിയിലായി ജല നിയന്ത്രണ സംവിധാനത്തിനായി വാൾവ് സ്ഥാപിച്ചിട്ടുള്ളത്.
പലവട്ടം അപകട സാധ്യത നാട്ടുകാർ വാട്ടർ അതോറിട്ടിക്കാരെ അറിയിച്ചെങ്കിലും കിണറിന് സ്ലാബ് ഇട്ട് മൂടാൻ പോലും ഇനിയും തയ്യാറായിട്ടില്ല. വലിയ പാറക്കല്ലുകൾ ഇതിന് മുകളിൽ നാട്ടുകാർ നികത്തിയാണ് ഇപ്പോൾ അപകടം ഒഴിവാക്കായിരിക്കുന്നത്.