ddd

നെയ്യാ​റ്റിൻകര: നഗരസഭാ പ്രദേശത്ത് നിയമവിരുദ്ധമായി നടപ്പാക്കിയ നികുതി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻ പ്രവർത്തകർ നെയ്യാറ്റിൻകര നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവച്ചു. 2016 മുതൽ കെട്ടിട നികുതി പുതുക്കി നിശ്ചയിച്ച് പിരിക്കണമെന്ന സർക്കാരിന്റെ ഉത്തരവ് മറികടന്ന് 2013 മുതലുള്ള നികുതി അടയ്ക്കണമെന്ന് കെട്ടിട ഉടമകൾക്ക് നഗരസഭ സെക്രട്ടറി നോട്ടീസ് അയച്ചെന്നാണ് പരാതി. ഉയർന്ന നിരക്ക് നിശ്ചയിച്ചാണ് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നിരക്ക് വർദ്ധനയെ ന്യായീകരിച്ച് സ്ഥലത്തെത്തിയ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബവും ഫ്രാൻ ഭാരവാഹികളും തമ്മിൽ വാക്കേ​റ്റവുമുണ്ടായി. അമിതമായ നികുതി വർദ്ധന ഉണ്ടായിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള 2016 മുതലുള്ള കുടിശിക ഒരുമിച്ചോ അഞ്ച് തവണയായോ അടയ്‌ക്കാമെന്നും സെക്രട്ടറി ഉറപ്പുനൽകി. മുഴുവൻ തുകയും അടച്ചവർക്ക് തുടർന്നുള്ള നികുതി അടവിൽ കുറവ് വരുത്തി നൽകാമെന്ന് ഫ്രാൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉറപ്പുനൽകി. ഉപരോധത്തിന് ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി. നായർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഭാരവാഹികളായ ​ടി. മുരളീധരൻ, ജി. പരമേശ്വരൻനായർ, പി. വേണുഗോപാൽ, മണലൂർ ശിവപ്രസാദ്, നിലമേൽ മുരളീധരൻനായർ, കെ. ശ്രീധരൻ, തിരുപുറം ശശികുമാർ, സി.എ. ജയകുമാർ, കെ.വി. രാധാകൃഷ്ണൻ, എം.വി. മഹാദേവൻ എന്നിവർ നേതൃത്വം നൽകി.