വിതുര: പഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് തൊളിക്കോട് പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു. ബ്ലോക്ക് പഞ്ചായത്ത് തൊളിക്കോട് ഡിവിഷൻ മെമ്പർ തോട്ടുമുക്ക് അൻസർ, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ഹാഷിം, തൊളിക്കോട് ഷംനാദ്, എൽ.എസ്. ലിജി, ടി. നളിനകുമാരി, നട്ടുവൻകാവ് വിജയൻ എന്നിവരാണ് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഉപരോധസമരം നടത്തിയത്. കിടപ്പുരോഗികൾക്ക് മരുന്നുവാങ്ങാനുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചെന്ന് ആരോപിച്ചും, തൊളിക്കോട് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക, തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു പ്രതിഷേധം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വിതുര സി.ഐ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. പരാതികൾ പരിഹരിക്കാമെന്ന് സെക്രട്ടറി ഉറപ്പുനൽകിയതായി പാർലമെന്ററി പാർട്ടി ലീഡർ എൻ.എസ്. ഹാഷിം അറിയിച്ചു.