നിലവാരമില്ലാത്തവയ്ക്ക് പകരം മൂന്ന് മാസത്തിനകം പുതിയ പൈപ്പുകൾ
മാറ്റുന്നത് അമ്പലപ്പുഴ മുതൽ തിരുവല്ല വരെ
കുടിവെള്ളം മുടങ്ങാതിരിക്കാൻ പകരം സംവിധാനം
തിരുവനന്തപുരം: അടിക്കടി പൈപ്പ് പൊട്ടി ജനജീവിതം ദുസഹമാക്കി വിവാദമായ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അമ്പലപ്പുഴ- തിരുവല്ല ഭാഗത്തെ നിലവാരമില്ലാത്ത പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റും. ഇന്നലെ നിയമസഭാ മന്ദിരത്തിൽ മന്ത്രിമാരായ ജി.സുധാകരൻ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയിൽ പൈപ്പ് പൊട്ടൽ തുടർച്ചയാവുന്ന സാഹചര്യത്തിലാണ് പൈപ്പുകൾ മാറ്റിയിടാൻ തീരുമാനിച്ചത്.
1000 എം.എം. എച്ച്.ഡി.പി.ഇ പൈപ്പാണ് നിലവിലുള്ളത്. അതുമാറ്റി 900 എം.എം.എം.എസ് പൈപ്പുകളിടും. കൂടുതൽ കാലം നിലനിൽക്കുന്ന പൈപ്പുകളാണിത്. ഡി.എൽ.പി പ്രകാരം നിലവിലുള്ള കരാറുകാരൻതന്നെ പൈപ്പ്മാറ്റിയിടൽ പ്രവൃത്തികൾ നിർവഹിക്കും. ഈ ജോലികൾ പൂർത്തിയാകുന്നതുവരെ കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാൻ ആർ.ഒ. പ്ലാന്റ്, കുഴൽക്കിണർ, ടാങ്കർ ലോറികൾ തുടങ്ങിയ എല്ലാ മാർഗങ്ങൾ വഴിയും വെള്ളം എത്തിക്കാൻ തീരുമാനിച്ചു.
പൈപ്പ് പൊട്ടൽ വിവാദമായതിനെതുടർന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രശ്നത്തിൽ ഇടപെടുകയും അടിയന്തര യോഗം വിളിച്ചുചേർത്ത് പരിഹാരത്തിന് ശ്രമിക്കുകയുമായിരുന്നു. മന്ത്രി ജി. സുധാകരനും നിർലോഭമായ പിന്തുണ അറിയിച്ചതോടെ പൈപ്പ് മാറ്റിയിടുന്നതിനുള്ള തീരുമാനം വേഗത്തിൽ കൈക്കൊള്ളുകയായിരുന്നു.
കൂടുതൽകാലം നിലനിൽക്കുന്ന മൈൽഡ് സ്റ്റീൽ (എംഎസ്) പെപ്പുകളാണ് ഉപയോഗിക്കുക. ജല അതോറിട്ടിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
പൈപ്പ് മാറ്റിയിടുന്ന റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കും.
ഇതിന്റെ ചെലവ് വാട്ടർ അതോറിട്ടി വഹിക്കും.
തകഴിയിൽ 1084 മീറ്ററും കേളമംഗലത്ത് 440 മീറ്ററും അടക്കം 1524 മീറ്റർ റോഡിലാണ് അറ്റകുറ്റപ്പണി
ഇതുവഴിയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കാത്ത നിലയിലാവണം പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതെന്ന് നിർദ്ദേശം.
പ്രതിഷേധം അണയുന്നില്ല
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ നിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ മന്ത്രിതല ചർച്ചയിൽ തീരുമാനമായെങ്കിലും പ്രതിഷേധം അണയുന്നില്ല. പദ്ധതി നടത്തിപ്പിൽ അഴിമതി കാണിച്ചവർക്കെതിരെ അന്വേഷണത്തിനുള്ള ശുപാർശ യോഗത്തിലുണ്ടാകാതിരുന്നതിനെതിരെയാണ് പ്രതിഷേധം. ഈ ആവശ്യമുന്നയിച്ച് സി.പി.ഐ ഇന്നു മുതൽ ത്രിദിന സത്യഗ്രഹം നടത്തും. കോൺഗ്രസും നാളെ വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭയിൽ ആവശ്യപ്പെട്ടു.