നെയ്യാറ്റിൻകര: അമരവിള - പെരുങ്കടവിള - ആര്യങ്കോട് റോഡുനിർമാണം സ്‌തംഭിച്ചിട്ട് ഒരുമാസം പിന്നിടുന്നു. ഒരുവർഷത്തെ കാലാവധിക്കാണ് കിഫ്ബി കരാർ നൽകിയത്. 2018ൽ ആരംഭിച്ച ജോലിയാണ് അനന്തമായി നീളുന്നത്. വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സംവിധാനമൊരുക്കാത്തതു കാരണം കിഫ്ബി അധികൃതർ ആദ്യം പണി തടഞ്ഞു.
പിന്നീട് പലതവണ പദ്ധതി തടസപ്പെട്ടു. ജോലികൾ പുനരാരംഭിക്കാനിരിക്കെ ടാർ മിക്‌സിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായതോടെയാണ് വീണ്ടും നിർമ്മാണം തടസപ്പെട്ടത്. പെരുങ്കടവിളയിൽ പാലം നിർമ്മിച്ചതും അമരവിള മുതൽ ചായ്‌ക്കോട്ടുകോണം വരെയും പൂവൻകാല മുതൽ പെരുങ്കടവിള വരെയും ആദ്യഘട്ട ടാറിംഗ് നടത്തിയതും മാത്രമാണ് പദ്ധതിയുടെ ഭാഗമായി നടന്നത്. റീടാറിംഗിനായി പലഭാഗത്തും മണ്ണുമാന്തി ഉപയോഗിച്ച് റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മഴ പെയ്‌തതോടെ റോഡിൽ കുഴിയും വെള്ളക്കെട്ടുമായി. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് അമ്പലത്തറയിൽ ഗോപകുമാർ അറിയിച്ചു.