തിരുവനന്തപുരം: കായിക മേളകളിൽ ഒരിക്കലുമില്ലാത്ത മത്സരക്രമവുമായാണ് ഇത്തവണത്തെ ജില്ലാ സ്കൂൾ കായിക മേള സർവകലാശാല സ്റ്റേഡിയത്തിൽ തുടങ്ങിയത്. രാവിലെ 6.30 ഓടെ നടത്താറുള്ള 3000 മീ​റ്റർ ഓട്ട മത്സരം രണ്ട് മണിക്കൂർ വൈകി 8.30ഓടെയാണ് നടന്നത്. പിന്നീട് പൊരിവെയിലത്താണ് സീനിയർ,​ ജൂനിയർ താരങ്ങൾ മത്സരം പൂർത്തിയാക്കിയതും. രാവിലെ 8.30ന് മാർച്ച് പാസ്​റ്റോടെ മീ​റ്റ് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചെങ്കിലും വിദ്യാർത്ഥികൾ എത്താത്തതിനെ തുടർന്ന് മാർച്ച് പാസ്റ്റ് ഒഴിവാക്കുകയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം സീനിയർ ആൺകുട്ടികളുടെ 3000 മീ​റ്റർ ഓട്ടമത്സരം നടത്താമെന്ന് അധികൃതർ തീരുമാനിച്ചതാണ് താരങ്ങൾക്ക് വിനയായത്. മത്സരം രണ്ട് മണിക്കൂറോളം വൈകിയതോടെ സ്‌​റ്റേഡിയത്തിലെ പൊരി വെയിലേറ്റ് താരങ്ങളിൽ ചിലർ തളർന്ന് വീഴുകയും ചെയ്തു. സാധാരണ ഷെഡ്യൂൾ ക്രമം അനുസരിച്ച് 3000 മീ​റ്റർ മത്സരം നടത്തിയിരുന്നെങ്കിൽ രാവിലെ 9ഓടെ മത്സങ്ങൾ പൂർത്തിയാക്കാമായിരുന്നെന്ന് കായികതാരങ്ങളും അദ്ധ്യാപകരും പറയുന്നു. ഉദ്ഘാടനം ആദ്യം നടത്തുന്നതിനായാണ് മത്സരം മണിക്കൂറുകളോളം വൈകിച്ചതെന്നും ആരോപണമുണ്ട്. ഒടുവിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന എം.എൽ.എയും എത്തിയില്ല. സംസ്ഥാന സ്കൂൾ കായിക മേളകളിൽ 3000 മീ​റ്റർ മുതലുള്ള ദീർഘദൂര മത്സരങ്ങൾ രാവിലെ 6ഓടെ ആരംഭിച്ച് 8 മണിയോടെ പൂർത്തിയാക്കുകയാണ് പതിവ്.