doctors

തിരുവനന്തപുരം: പ്രസവത്തിന് സർക്കാർ ആശുപത്രിയിലെത്തിച്ച യുവതിയിൽ നിന്ന് കെെക്കൂലി വാങ്ങിയ കേസിൽ കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം സ്വദേശി ഡോക്ടർ റിനു അനസ് റാവുത്തറെ പ്രത്യേക വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. അൻപതിനായിരം രൂപ പിഴയും നൽകണം.

2011 ഡിസംബർ 2നാണ് കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് എത്തിച്ച കൊല്ലം സ്വദേശി രസീനയോട് ഡോക്ടർ മൂവായിരത്തി അഞ്ഞൂറ് രൂപ കെക്കൂലി ചോദിച്ചത്. തുക ഡോക്ടറുടെ സ്വകാര്യ ക്ളിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. രസീനയുടെ ഭർത്താവിന്റെ പരാതിയിൽ വിജിലൻസ് കൊല്ലം യൂണിറ്റ് ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ ഡോക്ടർക്ക് നൽകാൻ കൊടുത്തുവിട്ടു. കൊല്ലം കളക്ടറെയും വിവരമറിയിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം, ഡോക്ടർ കെെക്കൂലി വാങ്ങുന്നത് നേരിൽ കാണാൻ രണ്ട് തഹസിൽദാർമാരും എത്തിയിരുന്നു.

രസീനയുടെ ഭർത്താവ് പണം നൽകിയപ്പോൾ ഡോക്ടർ നേരിട്ട് വാങ്ങാതെ മേശപ്പുറത്ത് വയ്ക്കാൻ നിർദ്ദേശിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ ഉടൻ പരിശോധിച്ചെങ്കിലും ഡോക്ടറുടെ കൈയിൽ മഷി പുരണ്ടത് കണ്ടെത്താനായില്ല. പ്രതിഭാഗം ഇക്കാര്യമാണ് പ്രധാനമായും വാദിച്ചത്. എന്നാൽ, കൈയിൽ മഷി പുരണ്ടിട്ടില്ലെങ്കിലും കെെക്കൂലി വാങ്ങിയ രീതി പരിശോധിച്ചാൽ ഡോക്ടർ കുറ്റക്കാരനാണെന്ന് ബോദ്ധ്യമാകുമെന്ന് കോടതി പറഞ്ഞു. വിജിലൻസ് ലീഗൽ അഡ്വെെസർ ഉണ്ണിക്കൃഷ്ണൻ എസ്. ചെറുന്നിയൂർ വിജിലൻസിന് വേണ്ടി ഹാജരായി.