തിരുവനന്തപുരം: സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യു ജില്ലാ കായിക മേളയുടെ 100മീറ്റർ ഓട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ സീനിയർ വിഭാഗത്തിൽ ആകാശ് എം.വർഗീസും ഗ്രേയ്‌സ് മരിയയും ചാമ്പ്യന്മാരായി. ചങ്ങനാശേരി സ്വദേശിയായ ആകാശ് തിരു. സായിയിലാണ് പരിശീലനം നടത്തുന്നത്. ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. കഴിഞ്ഞ സംസ്ഥാന, ദേശീയ സ്‌കൂൾ മീറ്റുകളിൽ ട്രിപ്പിൾ ജമ്പിൽ മെഡൽ നേടിയ ആകാശ് ആദ്യമായാണ് നൂറ് മീറ്ററിൽ ജേതാവാകുന്നത്. 10.94 സെക്കൻഡോടെയാണ് ആകാശിന്റെ സുവർണ നേട്ടം. സായിയിലെ തന്നെ ഗ്രെയ്‌സ് മരിയ വിൽസണാണ് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം (13.10 സെക്കൻഡ്). തുണ്ടത്തിൽ എം.വി.എച്ച്.എസ് വിദ്യാർത്ഥിനിയായ ഗ്രെയ്സ് കഴിഞ്ഞ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുത്തിട്ടുണ്ട്.
ജൂനിയർ ആൺകുട്ടികളിൽ സായിയിലെ ഫിബിൻ രാജുവിനാണ് ഒന്നാം സ്ഥാനം (11.50 സെക്കൻഡ്). തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാർത്ഥിയായ ഫിബിൻ അടിമലത്തുറ സ്വദേശിയാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളായണി അയ്യങ്കാളി സ്മാരക സ്‌പോർട്‌സ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനി സംവൃതാ രാജു ജേതാവായി (13.27സെക്കൻഡ്). മലപ്പുറം അരീക്കോട് സ്വദേശിയായ സംവൃത കഴിഞ്ഞ മൂന്ന് വർഷമായി വെള്ളായണി അയ്യങ്കാളി സ്‌കൂളിലാണ് പരിശീലിക്കുന്നത്. സബ് ജൂനിയർ ആൺകുട്ടികളിൽ വെള്ളായണി അയ്യങ്കാളി സ്മാരക സ്‌പോർട്‌സ് സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥി എം.കെ. വിഷ്ണു ചാമ്പ്യനായി (11.81സെക്കൻഡ്). കഴിഞ്ഞ അഞ്ച് വർഷമായി വെള്ളായണി സ്കൂളിൽ പഠിക്കുന്ന വിഷ്ണു വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ മീറ്റിലും മെഡൽ നേടിയിട്ടുണ്ട്. പെൺകുട്ടികളുടെ വിഭാഗത്തിൽ തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്നേഹ ജേക്കബ് ഒന്നാമതെത്തി (13.86സെക്കൻഡ്). ഇടുക്കി കട്ടപ്പന സ്വദേശിയായ സ്‌നേഹ സായിയിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ ഗെയിംസിൽ 100മീറ്ററിലും ലോംഗ്ജമ്പിലും റിലേയിലും മെഡലുകൾ നേടിയിട്ടുണ്ട്.
സീനിയർ വിഭാഗത്തിൽ സായിയിലെ അഖിൽബാബു (11.9), ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലെ ഹണി ജോൺ (13.5) എന്നിവരും ജൂനിയർ വിഭാഗത്തിൽ സെന്റ് ജോസഫ്സിലെ എസ്. മുഹമ്മദ് ഫാരിസ് (11.6), ജി.വി രാജയിലെ സയനോര(13.48) എന്നിവരും സബ്‌ജൂനിയർ വിഭാഗത്തിൽ അയ്യങ്കാളി മെമ്മോറിയൽ ഗവ. റസിഡൻഷ്യൽ സ്കൂളിലെ എം.ഡി. ഷൊഹൈബ് അക്തർ (12.62), അതുല്യ ചന്ദ്രൻ (14.16) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.