മലയിൻകീഴ്: വിളപ്പിൽശാലയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷന് പകരം സ്വന്തം മന്ദിരം നിർമ്മിച്ചെങ്കിലും നൂലാമാലകൾ കാരണം ഉദ്ഘാടനം നീളുകയാണ്. സ്റ്റേഷന്റെ ചുമതലക്കാരനായ സി.ഐ. അവധിയിൽ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ കഴിഞ്ഞ 50 വർഷത്തിലേറെയായി വാടക കെട്ടിടത്തിലാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഏത് നിമിഷം വേണമെങ്കിലും നിലം പൊത്തുമെന്നായപ്പോഴാണ് വാടക കെട്ടിടം അടുത്തിടെ ഷീറ്റ് മേഞ്ഞത്.
വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് രണ്ട് മാസം മുൻപാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മാണം പൂർത്തിയായത്. വാടക കെട്ടിടത്തിൽ നിന്ന് പൊലീസ് സ്റ്റേഷൻ പുതിയ മന്ദിരത്തിലേക്ക് മാറാൻ ധാരണയായപ്പോഴാണ് സി.ഐ. അവധിയിൽ പ്രവേശിച്ചത്. യോഗ ചെയ്യുന്നതിനിടെ പരിക്കേറ്റാണത്രേ സി.ഐ. ലീവെടുത്തത്. പുതിയ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വൈകുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് സ്റ്റേഷന്റെ ഉദ്ഘാടനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.