തിരുവനന്തപുരം: ജില്ലയിലെ കൗമാര കായിക താരങ്ങളെ കണ്ടെത്തുന്ന കായിക മേളയ്ക്ക് സർവകലാശാല സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. അത്‌ല​റ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം നെയ്യാ​റ്റിൻകര ഉപജില്ല പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എട്ട് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 83 പോയിന്റോടെയാണ് നെയ്യാ​റ്റിൻകരയുടെ കുതിപ്പ്. മൂന്ന് സ്വർണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 62 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ലയാണ് രണ്ടാമത്. ഒരു സ്വർണവും നാല് വെങ്കലവുമായി 17 പോയിന്റോടെ തിരുവനന്തപുരം സൗത്താണ് മൂന്നാം സ്ഥാനത്ത്. വ്യക്തിഗത സ്‌കൂൾ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നെയ്യാ​റ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളാണ്. രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി 18 പോയിന്റോടെ പി.കെ.എസ് എച്ച്.എസ്.എസ് കാഞ്ഞിരംകുളം ഒന്നാമതും ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി 12പോയിന്റോടെ എം.വി എച്ച്.എസ്.എസ് അരുമാനൂർ രണ്ടാം സ്ഥാനത്തും രണ്ട് സ്വർണവുമായി 10 പോയിന്റോടെ എൽ.എം എച്ച്.എസ്.എസ് അമരവിള മൂന്നാമതുമുണ്ട്. സാധാരണ മൂന്ന് ദിവസം നടത്താറുള്ള കായിക മേള ഇക്കുറി രണ്ട് ദിവസമായി ചുരുക്കിയത് താരങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിലാക്കുന്നു. രണ്ടാം ദിനമായ ഇന്ന് അമ്പതിലധികം ഇനങ്ങളുടെ ഫൈനൽ മത്സരം നടക്കും.