തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ഉഴവൂരിലെ സ്മൃതി മണ്ഡപം നവീകരിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു.പി.സി.ജോർജാണ് സ്മൃതി മണ്ഡപത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ സഭയിൽ ഉന്നയിച്ചത്. വിശ്വപൗരനായ കെ.ആർ.നാരായണൻ പിന്നാക്കക്കാരനായതിനാലാണോ സ്മൃതി മണ്ഡപത്തോടുള്ള അവഗണനയെന്നും ജോർജ് ചോദിച്ചു.പ്ളാസ്റ്റിക് കയറുപയോഗിച്ചാണ് പൊട്ടിപൊളിഞ്ഞ മണ്ഡപം കെട്ടിവച്ചിട്ടുള്ളത്. തന്റെ മണ്ഡലത്തിലല്ലെങ്കിൽ പോലും തനിക്ക് ഇത് പറയാതിരിക്കാനാവില്ല.അതീവ ദുഃഖത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ജോർജ് ചൂണ്ടിക്കാട്ടി.ഇതിന് മറുപടിയായിട്ടായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്.