തിരുവനന്തപുരം : ശ്രീകാര്യം ഗവ. എൻജിനിയറിംഗ് കോളജ് (സി.ഇ.ടി) കാമ്പസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർത്ഥി രതീഷ് നേരത്തേ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പോളിടെക്‌നിക്കിലെ പഠനത്തിനിടെയാണ് ആത്മഹത്യാശ്രമം നടന്നത്. കോളേജിലെ ചില വിദ്യാർത്ഥികളുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്നാണ് ഇത്തരമൊരു ആത്മഹത്യാ ശ്രമത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. പോളിടെക്‌നിക്കിൽ രതീഷിനൊപ്പം പഠിച്ചിരുന്നവരിൽ നിന്ന് ലഭിച്ച വിവരം സി.ഇ.ടിയിലെ വിദ്യാർത്ഥികൾ പൊലീസിനോട് പങ്കുവയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രതീഷ് നേരത്തേ പഠിച്ചിരുന്ന നെയ്യാറ്റിൻകര പോളിടെക്നിക്കിൽ എത്തി അദ്ധ്യാപകരുടെയുൾപ്പെടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് ശ്രീകാര്യം പൊലീസ്. പോളിടെക്നിക്കിലെ പഠനം പാതിവഴിയിൽ രതീഷ് ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് സി.ഇ.ടിയിലെത്തുന്നത്.
ഇതോടെ രതീഷ് തൂങ്ങിമരിച്ചതാണെന്ന സംശയം പൊലീസിന് ബലപ്പെടുകയാണ്.
രതീഷിന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ബാഹ്യമോ ആന്തരികമോ ആയ ക്ഷതങ്ങൾ ശരീരത്തിൽ ഇല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നെന്ന് പറയുമ്പോഴും രക്ഷിതാക്കൾ ഇതുസംബന്ധച്ച വിവരങ്ങൾ പൊലീസിനോട് പറഞ്ഞിട്ടില്ല. ബന്ധുക്കളുടെ മൊഴിയിൽ രതീഷിന് ആരുടെയെങ്കിലും ഭീഷണിയുള്ളതായി പറയുന്നില്ലെന്ന് ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.
ഉള്ളൂർ നീരാഴി ലെയ്‌നിൽ സരസിൽ വാടകയ്ക്കു താമസിക്കുന്ന നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നക്കാട് സ്വദേശി രതീഷ്‌കുമാറിനെ (19) ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച ഇന്റേണൽ പരീക്ഷ അവസാനിക്കും മുൻപ് ക്ലാസ് വിട്ട രതീഷിനെ കാണാതാവുകയും പൊലീസും സഹപാഠികളും കോളേജ് അധികൃതരും 2 ദിവസം അന്വേഷണം അവസാനിപ്പിച്ചു മടങ്ങിയ ശേഷം സെക്യൂരിറ്റി ജീവനക്കാർ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അമ്മ മരിക്കുകയും പിതാവു വേറെ വിവാഹം കഴിക്കുകയും ചെയ്തതിനെ തുടർന്നു മാതൃസഹോദരിയും റിട്ട. അദ്ധ്യാപികയുമായ ഗിരിജയുടെ സംരക്ഷണയിലായിരുന്നു രതീഷ്. സി.ഇ.ടിയിലെ പഠനസൗകര്യത്തിനായാണു ഗിരിജയും രതീഷും 3 മാസം മുൻപ് ഉള്ളൂരിലേക്കു താമസം മാറ്റിയത്.
എൻജിനിയറിംഗ് പഠനം രതീഷിനെ തളർത്തി
ഭിന്നശേഷിക്കാർക്കുള്ള സംവരണത്തിൽ കോളേജിൽ പ്രവേശനം നേടിയ രതീഷിന് എൻജിനിയറിംഗ് പഠനം ദുഷ്കരമായിരുന്നു. പഠനവൈകല്യമുള്ള രതീഷ് ആദ്യ സെമസ്റ്ററിൽ ഒരു വിഷയത്തിനു പോലും ജയിച്ചില്ല. ഇതോടെ ഇയാൾ കനത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നും പഠിക്കാൻ കഴിയുന്നില്ലെന്ന് രതീഷ് പറഞ്ഞിരുന്നതായും ഒരു അദ്ധ്യാപകൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ക്ലാസുകളിൽ ഹാജർ കുറവായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ക്ലാസിൽ വരാത്തതിനെക്കുറിച്ചു ചില അദ്ധ്യാപകർ നേരിട്ട് അന്വേഷിച്ചതിൽ രതീഷ് ദുഃഖിതനായിരുന്നതായാണു സൂചന. ശ്രീകാര്യം എസ്.ഐ എസ്. സജികുമാറിനാണ് അന്വേഷണച്ചുമതല.