തിരുവനന്തപുരം: ജില്ലാ സ്കൂൾ കായിക മേളയിൽ ഇക്കുറി മരുന്നടി വിവാദവും. സർവകലാശാല സ്റ്റേഡിയത്തിലെ ആൺകുട്ടികളുടെ ടോയ്ലെറ്റിന് സമീപത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മരുന്ന് കുപ്പികളും ഒഴിഞ്ഞ സിറിഞ്ച് പാക്കറ്റുകളും കണ്ടെത്തി. ഇതാണ് ആരോപണത്തിന് വഴിയൊരിക്കിയത്. സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ താരങ്ങളിൽ പലരും ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണവുമായി ഒരുവിഭാഗം പരിശീലകരും രംഗത്തെത്തി. സംസ്ഥാന കായികമേളകളിലെ ജേതാക്കൾ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാൻ ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) പരിശോധന നടത്താറുണ്ടെങ്കിലും ജില്ലാ മേളകളിൽ ഇത്തരം പരിശോധനകൾ ഉണ്ടാകാറില്ല. നാഡയുടെ പരിശോധന ഇല്ലാത്തത് മരുന്നടിക്ക് വഴിയൊരുക്കിയതായി അദ്ധ്യാപകരും ഒരു വിഭാഗം കായിക താരങ്ങളും ആരോപിക്കുന്നു.