kiifb

തിരുവനന്തപുരം:കിഫ്ബിയുടെ മർക്കടമുഷ്ടിക്കെതിരെ പരസ്യമായി പ്രതികരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പരോക്ഷ മറുപടിയുമായി കിഫ്ബി . ധന ലഭ്യതമാത്രമല്ല ഗുണനിലവാരവും സമയക്രമവും ഉറപ്പാക്കേണ്ടത് കിഫ്ബിയുടെ ഉത്തരവാദിത്വമാണെന്നാണ് ഒൗദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ മന്ത്രിക്കുള്ള മറുപടി ..

പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി നടത്തിപ്പിന് പോലും തടസ്സമാകുംവിധം കിഫ്ബി ഉദ്യോഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയാണ് മന്ത്രി ജി.സുധാകരൻ ഉന്നയിച്ചത്. കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ രാക്ഷസനെപ്പോലെയാണെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർ എന്ത് റിപ്പോർട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അതു വെട്ടും. ധനവകുപ്പിൽ ഫയൽ പിടിച്ചുവയ്ക്കും. ഇക്കാര്യം ധനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. നിർമാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏൽപ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. കിഫ്ബിയിൽ ആവശ്യമുള്ള എൻജിനിയറെ നിയമിക്കണം. റോഡ് വിട്ടുകൊടുക്കാം. എല്ലാകാര്യവും അവർ നോക്കട്ടെയെന്നും മന്ത്രി പരിഹസിച്ചു.

മന്ത്രിയുടെ ക്ഷോഭത്തിനിടയാക്കിയ പാലോട്-കാരേറ്റ് റോഡ് നിർമാണത്തിലെ ഒട്ടേറേ പിഴവുകൾ കിഫ്ബിയുടെ പരിശോധനാ സംഘം കണ്ടെത്തി..ഈ പിഴവുകൾക്ക് നിർദേശിച്ച പരിഹാരങ്ങൾ ഒന്നും നടപ്പാക്കിയിരുന്നില്ല. ഇത്തരത്തിൽ 36 പൊതുമരാമത്ത് നിർമാണപ്രവൃത്തികളിൽ ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്നും കണ്ടെത്തി. തുടർന്ന് നിറുത്തിവയ്ക്കാൻ സാധ്യതയുള്ളവയുടെ പട്ടികയിൽപ്പെടുത്തി. നേരത്തെ നിർമാണത്തിലിരുന്ന 12 പദ്ധതികൾക്ക് ഗുണനിലവാരം സംബന്ധിച്ച തിരുത്തൽ നിർദേശം നൽകി. ഇത് പാലിക്കാത്തതിനാൽ സ്റ്റോപ്പ് മെമ്മോ നൽകിയെന്നും കിഫ്ബി വ്യക്തമാക്കി.