ഉള്ളൂർ:മെഡിക്കൽ കോളേജ് പഴയ റോഡ്, പുതുപ്പള്ളി എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ സി.പി.ഐ പ്രവർത്തകർ ജല അതോറിട്ടി അസി. എൻജിനിയറെ ഉപരോധിച്ചു. നിരവധി തവണ ജല അതോറിട്ടി ഓഫീസുകളിലും വകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ പകൽ സംഘടിച്ചെത്തിയ പ്രവർത്തകരും നാട്ടുകാരും അസി.എൻജിനിയറെ ഉപരോധിച്ചത്. പേരൂർക്കട പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കുടിവെള്ളം ലഭ്യമാകുമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാലേ പ്രതിഷേധത്തിൽനിന്നു പിൻമാറുകയുള്ളൂവെന്ന നിലപാട് സ്വീകരിച്ചതോടെ സമരം 4 മണിക്കൂറോളം നീണ്ടു. ഒടുവിൽ എക്സിക്യൂട്ടീവ് എൻജിനിയർ ആർ.വി. സന്തോഷ് കുമാർ സ്ഥലത്തെത്തി ഇൻസ്പെക്ടർ സൈജുനാഥിന്റെ മദ്ധ്യസ്ഥതയിൽ രാത്രിയോടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ശാശ്വതമായ നടപടി സ്വീകരിക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ.രാജു, നേതാക്കളായ പി.എസ്.സന്തോഷ്, എ.ബിജു, മണ്ണാമൂല ഹരി, എസ്.മുരുകൻ, നന്ദൻ, സി.എസ്.ബാബു, എസ്.എസ്.ഷിബു, ആർ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.