തിരുവനന്തപുരം: ചെറിയ ശരീരമുള്ള കസ്തൂർബയായിരുന്നു കായികമേളയുടെ ഇന്നലത്തെ താരം. ശരീരം കൊണ്ട് കുഞ്ഞാണെങ്കിലും ട്രാക്കിലെ ചാമ്പ്യയാണ് കസ്തൂർബ പി. പ്രസാദ്. സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീ​റ്റർ മത്സരത്തിനാണ് ചെറു പുഞ്ചിരിയുമായി കസ്തൂർബ ട്രാക്കിലിറങ്ങിയത്. ഫയർ മുഴങ്ങിയതും എതിരാളികളെ തോൽപ്പിച്ച് തന്റെ ചെറിയ ശരീരവുമായ കസ്തൂർബ ഓട്ടം തുടങ്ങി. ഒരേ വേഗതയിൽ എതിരാളികളെ മറികടന്ന് കസ്തൂർബ ഒന്നാമതെത്തിയത് കാണികൾ കൗതുകത്തോടെയാണ് നോക്കി നിന്നത്. ചാമ്പ്യയായ ശേഷം നേരെ പരിശീലകയായ ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന്റെ അടുത്തേയ്ക്ക്. ഉമ്മ നൽകിയാണ് ജിൻസി കസ്തൂർബയെ സ്വീകരിച്ചത്. ഇതാദ്യമായാണ് കസ്തൂർബ ജില്ലാ കായികമേളയിൽ പങ്കെടുക്കുന്നത്. ചെറുപ്പം മുതൽ ഓടാൻ ഇഷ്ടമാണ്. ഇപ്പോ ഒന്നാമെത്തിയപ്പോ സന്തോഷമായെന്ന് നിറ ചിരയോടെ കസ്തൂർബ പറയുന്നു. ഈ വർഷം സായിയിലായിരുന്നു പരിശീലനം. പിറവം കാക്കൂർ സ്വദേശിയായ കസ്തൂർബ എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രസാദിന്റെയും അജിതയുടെയും മകളാണ്.