വെള്ളറട: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കുഴഞ്ഞുവീണു. കണ്ടക്ടറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ബസ് അമ്പൂരിയിൽ കയറ്റം കയറുന്നതിനിടെയായിരുന്നു സംഭവം. വെള്ളറട ഡിപ്പോയിൽ നിന്ന് അമ്പൂരിവഴി മായത്തേക്ക് പോയ ബസിലെ ഡ്രൈവർ വെള്ളറട സ്വദേശി സുനിൽ കുമാർ ആണ് കുഴഞ്ഞു വീണത്. ഇതിനിടെ ബസ് നിയന്ത്രണം വിട്ട് പിറകോട്ട് പോവുകയും ബൈക്ക് യാത്രക്കാരായ അമ്പൂരി സ്വദേശി വിൽസൻ, തങ്കപ്പൻ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചു. ഉടൻ കണ്ടക്ടർ ബസിന്റെ ബ്രേക്ക് ചവിട്ടി നിറുത്തുകയായിരുന്നു. ഡ്രൈവറെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബൈക്ക് യാത്രക്കാരെ പാറശാല ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.