തിരുവനന്തപുരം: പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ തകരാർ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന പതിന്നാറുകാരന്റെ തുടർ ചികിത്സയ്ക്കായി ഇനി വേണ്ടത് സുമനസുകളുടെ കനിവാണ്. വലിയതുറ ശാരദാഭവനിൽ ഷീബയുടെയും ഹരിപ്രസാദിന്റെയും മകനായ ഗൗതം ഹരിയാണ് കഴിഞ്ഞ നാല് വർഷമായി ദുരിതമനുഭവിക്കുന്നത്. ഗ്രന്ഥി തകരാറിലായതിനാൽ മാസം അമ്പതിനായിരം രൂപയോളമാണ് ശാരീരിക വളർച്ചയ്ക്കാവശ്യമായ ഹോർമോൺ ചികിത്സയ്ക്കായി ഈ നിർദ്ധന കുടുംബത്തിന് ചെലവാകുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം രണ്ട് വർഷമായി തുടരുന്ന ചികിത്സ അഞ്ച് മാസങ്ങൾക്ക് മുമ്പ് അവസാനിപ്പിക്കേണ്ടിവന്നു. പന്ത്രണ്ടാം വയസ് മുതലാണ് ഗൗതം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. ഇടയ്ക്കിടെ കഠിനമായ തലവേദന വരാറുണ്ടായിരുന്ന കുട്ടിക്ക് മൈഗ്രൈന്റെ തകരാറെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തലവേദനയും തലകറക്കവും കൂടുകയും ശരീരം ശോഷിക്കാൻ തുടങ്ങുകയും ചെയ്തതോടെ എസ്.യു.ടി ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ശ്രീചിത്രയിലെ വിദഗ്ദ്ധ പരിശോധനയിലാണ് പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ മുഴ കണ്ടെത്തിയത്.തുടർന്ന് മുഴ സർജറിയിലൂടെ നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലായതിനാൽ ശരീരത്തിനാവശ്യമായ ഹോർമോൺ ഉത്പാദനം നടക്കുന്നുണ്ടായിരുന്നില്ല. പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും വളർച്ചയ്ക്കുള്ള ഹോർമോൺ ചികിത്സ ആരംഭിക്കുകയുമായിരുന്നു. രണ്ട് വർഷം തുടർന്ന ചികിത്സ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് അഞ്ച് മാസം മുൻപ് നിറുത്തിയത്. 21വയസ് വരെ നിർബന്ധമായും ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് റേഷൻ കട ജീവനക്കാരനായ പിതാവും വീട്ടമ്മയായ മാതാവും. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിയാണ് ഗൗതം. കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ എസ്.വി ഷീബയുടെ പേരിൽ വലിയതുറ എസ്.ബി.ഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67093992373. ഐ.എഫ്.എസ്.സി : SBIN0004237. ഫോൺ: 9961090355.