നെടുമ്പാശേരി: വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പാലക്കാട് വിസ തട്ടിപ്പ് കേസിലും പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പീഡനക്കേസിൽ റിമാൻഡിലായ കലൂർ പൊറ്റക്കുഴിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തടിയമ്പാട് വാഴത്തോപ്പ് തേങ്ങാപുരയ്ക്കൽ വീട്ടിൽ എർവിൻ ടി. ജോയിക്കെതിരെയാണ് (31) പാലക്കാട് പൊലീസ് വിസ തട്ടിപ്പ് കേസെടുത്തത്. കുവൈറ്റിൽ കുറച്ചുനാൾ ജോലി ചെയ്തിട്ടുള്ള എർവിൻ അവിടെ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കേസ്. ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് യുവതികളെ കബളിപ്പിക്കുന്ന പണി ആരംഭിച്ചത്.
സ്വന്തം ഭാര്യയെയും കബളിപ്പിച്ചു
വലിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണെന്ന് പറഞ്ഞ് ഇയാൾ സ്വന്തം ഭാര്യയെയും കബളിപ്പിച്ചിരുന്നതായി പൊലീസ്. ഇടുക്കിക്കാരനായ ഇയാൾ കച്ചവടത്തിനെന്ന വ്യാജേനയാണ് ഭാര്യക്കും മക്കൾക്കുമൊപ്പം കലൂർ പൊറ്റക്കുഴിയിൽ വാടക വീടെടുത്ത് താമസിച്ചിരുന്നത്. ഇവിടെ താമസിച്ചാണ് തട്ടിപ്പുകളെല്ലാം തയ്യാറാക്കിയിരുന്നത്. വാടകക്കെടുക്കുന്ന ആഢംബര വാഹനത്തിൽ സഞ്ചരിച്ച് നക്ഷത്ര ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചുമാണ് ഇയാൾ കഴിഞ്ഞിരുന്നത്. തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ട്രാവത്സുകളിൽ ടൂറിസ്റ്റ് കാറുകളുടെ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.
മൂന്ന് പെൺകുട്ടികളുടെ പിതാവായ പ്രതി ഇത് മറച്ചുവച്ച് പറവൂർ സ്വദേശി റോൺ എന്ന വ്യജ പേരിൽ ഡിവോഴ്‌സ് മാട്രിമോണിയലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താണ് യുവതികളെ കബളിപ്പിച്ചത്. വിവാഹ മോചിതനാണെന്ന വ്യാജേന വിവാഹബന്ധം വേർപ്പെടുത്തിയ യുവതികളുമായി ഓൺലൈനിൽ സൗഹൃദം സ്ഥാപിക്കും. വിദേശത്ത് ജോലിയുള്ള ഇടുക്കിയിലും നിലമ്പൂരിലുമുള്ള രണ്ട് യുവതികളെയാണ് ഇതേവർഷം തന്നെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചത്. ഇവരെ വിദേശത്തു നിന്നും വിളിച്ചുവരുത്തി നെടുമ്പാശേരിയിലെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പണത്തിന്റെ അത്യാവശ്യം പറഞ്ഞ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണവും, സ്വർണാഭരണങ്ങളും കൈവശപ്പെടുത്തുകയുമായിരുന്നു. ഇടുക്കി സ്വദേശിനിയെ ഫെബ്രുവരിയിലും നിലമ്പൂർ സ്വദേശിനിയെ ഏപ്രിലിലും നെടുമ്പാശേരിയിലെത്തിച്ച് പീഡിപ്പിച്ചു. ഇടുക്കി സ്വദേശിനി നൽകിയ കേസിൽ പിടിയിലായപ്പോൾ പ്രതിയുടെ ചിത്രം മാദ്ധ്യമങ്ങളിൽ കണ്ടാണ് നിലമ്പൂർ സ്വദേശിനിയും പരാതിയുമായി എത്തിയത്. പറവൂരിലെ ഒരു വ്യാജ വിലാസമാണ് പ്രതി ഓൺലൈനിൽ നൽകിയിരുന്നത്. വിവാഹം കഴിഞ്ഞ ആറാം മാസം ഭാര്യ രോഗം ബാധിച്ച് മരിച്ചെന്നാണ് പ്രതി യുവതികളെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ ഞാറയ്ക്കൽ പൊലീസിലും സമാനമായ കേസുണ്ട്.