തിരുവനന്തപുരം: ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ ചട്ടുകമാവാനില്ലെന്നും, രണ്ടു കൂട്ടരും പറയും പോലെ എല്ലാം ചെയ്യാനാവില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷത്തിന്റേതാണ് നിയമസഭയെന്നും പ്രതിപക്ഷ ശബ്‌ദമാണ് സഭയിൽ ഉയരേണ്ടതെന്നും ബോദ്ധ്യമുണ്ട്. പ്രതിപക്ഷത്തിന്റെ അവകാശം പരിപൂർണമായി സംരക്ഷിക്കും. പക്ഷേ, സർക്കാർ എന്തു പറയണം, എന്തു ചെയ്യണമെന്ന് സ്പീക്കർക്ക് നിർദ്ദേശിക്കാനാവില്ല. സർക്കാർ പറയുന്നത് ഏറ്റുപറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലെ സി.എ.ജി ആഡിറ്റിംഗ് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന പ്രതിപക്ഷ വിമർശനത്തെ തുടർന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.
കിഫ്ബിയിലും കണ്ണൂർ വിമാനത്താവളത്തിലും സി.എ.ജി ആഡിറ്റിംഗ് നിഷേധിക്കുന്ന സർക്കാരിന്റെ നടപടി ചർച്ച ചെയ്യാനാണ് വി.ഡി. സതീശൻ അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. ഇതേ വിഷയം മൂന്ന് വട്ടം ചോദ്യമായി സഭയിൽ ഉന്നയിച്ചതും, മന്ത്രി ഐസക്കിന്റെ മറുപടിയിലൂടെ വ്യക്തതയുണ്ടായതുമാണ്. ആഡിറ്റിംഗിന് സി.എ.ജിയോട് സർക്കാർ അങ്ങോട്ട് ആവശ്യപ്പെട്ടതാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സ്ഥിതിക്ക് പ്രതിപക്ഷത്തിന്റെ നോട്ടീസ് നിലവിലില്ലാത്ത വിഷയത്തെക്കുറിച്ചാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് സ്പീക്കറെ ബോദ്ധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനുമായില്ല. ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തിലേ സഭയ്ക്ക് പ്രവർത്തിക്കാനാവൂ. ഇത് ജനാധിപത്യവിരുദ്ധ സമീപനമല്ല.
കിഫ്ബിയുടെ കണക്കുകൾ നിയമസഭയുടെയും സഭാസമിതികളുടെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റൂളിംഗ് നൽകിയിരുന്നു. നിയമസഭ അറിയാതെ പണം ചെലവിടാൻ പറ്റില്ലെന്ന റൂളിംഗ് സർക്കാർ അംഗീകരിച്ചതാണ്. കണക്കുകൾ സഭയിൽ വച്ചിട്ടുണ്ട്. സി.എ.ജി ആഡിറ്റിംഗ് തടസപ്പെടുത്തുന്നില്ലെന്ന ധനമന്ത്രിയുടെ വാദം സഭയെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകാം. ലോകബാങ്ക് സഹായം ചെലവഴിക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചയിലും സർക്കാർ നിലപാട് വ്യക്തമാക്കിയതാണ്. സർക്കാർ ഇന്നതേ പറയാവൂയെന്ന് നിർദ്ദേശിക്കാനാവില്ല.- സ്പീക്കർ പറഞ്ഞു.