niyamasabha

കിഫ്ബിയുടെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ഹൃദയം എത്രമേൽ പരിശുദ്ധമായാലും അതിലെന്തോ 'ഒരിത്' പ്രതിപക്ഷം സംശയിച്ചുകൊണ്ടേയിരിക്കുകയാണ്. കിഫ്ബിയെ 'കിംഫി'യാക്കിയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ 'ആക്ഷേപഹാസ്യ' അവതരണങ്ങൾ ഇടയ്ക്കിടയ്ക്ക് സഭയിലും പുറത്തുമൊക്കെ സംഭവിക്കുന്നത് ഈ സവിശേഷകാലാവസ്ഥയിൽ പ്രതിപക്ഷത്തിന് ഉത്തേജകമരുന്നാവുക സ്വാഭാവികമാണ്. കിഫ്ബി ഉദ്യോഗസ്ഥരെ ബകനോടുപമിച്ച് രണ്ടുദിവസം മുമ്പ് സഭയ്ക്ക് പുറത്ത് സുധാകരൻമന്ത്രി കലക്കിയ വെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള യത്നം രണ്ട് ദിവസമായി പ്രതിപക്ഷം നടത്തുന്നു. ഇന്നലെ ആ യത്നം തീവ്രമായപ്പോൾ സഭയാകെ കലങ്ങി.

കിഫ്ബിയിലും കിയാലിലും സി.എ.ജിയുടെ ആഡിറ്റിംഗ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. ഒക്ടോബർ 29നും ഈ മാസം നാലിനും ചോദ്യോത്തരവേളയിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തതിനാൽ നോട്ടീസ് അനുവദിക്കില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തീർത്തുപറഞ്ഞു. സഭയുടെ മുമ്പാകെ വിഷയം വിശദമായി ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഒരേ വിഷയം പലതവണ ചർച്ച ചെയ്യാൻ പറ്റില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

ചോദ്യോത്തരവേളയും അടിയന്തരപ്രമേയവും വ്യത്യസ്തമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തർക്കിച്ചുനോക്കി. ഗൗരവമുള്ള വിഷയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്നും അതിന് അനുമതി തേടാനുള്ള ചട്ടം 50 പ്രതിപക്ഷത്തിന്റെ അവകാശമാണെന്നുമാണ് വാദം. സഭയിലിതിന് മുമ്പൊരിക്കലും പ്രതിപക്ഷത്തിന്റെ ഈ അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ പറയേണ്ടത് സ്പീക്കർ പറയരുതെന്നായി പ്രതിപക്ഷ നേതാവ്.

അടിയന്തരപ്രാധാന്യമുള്ള വിഷയം ഇതിലില്ലേയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സ്പീക്കർ. സി.എ.ജിയുടെ ആഡിറ്റിംഗ് രണ്ട് തരമുള്ളതിൽ ഒന്ന് അനുവദനീയമാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പ്രതിപക്ഷത്തിന്റെ ആശങ്കയ്ക്ക് എന്തടിസ്ഥാനമെന്നായി മന്ത്രി എ.കെ. ബാലൻ.

പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന നിലപാടിൽ പ്രതിപക്ഷവും സ്പീക്കറും നിന്നാൽ സഭയുടെ അവസ്ഥ പറയേണ്ടല്ലോ. പേടിയാണേ, പേടിയാണേ സ്പീക്കർസാറിന് പേടിയാണേ, വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലെത്തി. അനിൽ അക്കര പുറത്തുനിന്ന് പഴയ 'മാണിസാറിന്റെ ബഡ്ജറ്റ്ദിനത്തിലെ പ്രത്യേകപരിപാടി'യുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാ‌ർഡുകളെത്തിച്ച് വീര്യം കൂട്ടി.

സിനിമയ്ക്കുള്ളിലെ സിനിമ പോലെ, പ്രതിപക്ഷ കലാപ്രകടനത്തിനിടയിൽ ഒ. രാജഗോപാൽ- മന്ത്രി കടകംപള്ളി സുരേന്ദ്രൻ 'പയറ്റ്' അരങ്ങിന് മാറ്റുകൂട്ടുകയുണ്ടായി. ശബരിമല തീർത്ഥാടനത്തിന് അടിസ്ഥാനസൗകര്യങ്ങളുറപ്പ് വരുത്തണമെന്നാണ് രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽപ്രമേയം. ശബരിമലയിലെ പ്രശ്നക്കാർ നിരീശ്വരവാദികളും മാവോയിസ്റ്റുകളും മറ്റ് തീവ്രവാദിഗ്രൂപ്പുകളുമാണെന്ന സ്വന്തം കണ്ടെത്തൽ അവതരിപ്പിച്ച രാജേട്ടന് തൃപ്തിയായിക്കാണണം. കൂലിത്തല്ലുകാരെയും സാമൂഹ്യവിരുദ്ധരെയും അങ്ങ് ഇനിയെങ്കിലും അവിടേക്കയയ്ക്കരുതെന്ന് മന്ത്രി കടകംപള്ളി തിരിച്ചടിച്ചു. അങ്ങേക്ക് സദ്ബുദ്ധി തോന്നിക്കാൻ അയ്യപ്പനോട് പ്രാർത്ഥിക്കാമെന്ന മിനിമം ഉറപ്പും നൽകിയിട്ടുണ്ട്.

പരിയാരം മെഡിക്കൽകോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബില്ലിൽ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ അവരുടെ ഒരുമാതിരിപ്പെട്ട ഭേദഗതികളെല്ലാം ഔദ്യോഗികമാക്കിയാണ് മന്ത്രി കെ.കെ. ശൈലജ ഔദാര്യം കാട്ടിയത്. ഒരു വാക്കും ഒരു കുത്തും മാറ്റുന്ന ഭേദഗതിയായാലും അതുൾക്കൊള്ളാനൊരു മനസ് വേണം! ഇതിനൊപ്പം പഞ്ചായത്തിരാജ് ഭേദഗതിബില്ലും ദോശ ചുടുന്ന വേഗത്തിൽ പാസാക്കി സഭ പെട്ടെന്ന് പിരിഞ്ഞു.