ശിവസേനാ മേധാവി ഉദ്ധവ് താക്കറെയുടെ പുത്രവാത്സല്യം മഹാരാഷ്ട്രയ്ക്ക് ഇത്ര വലിയ ശാപമായി മാറുമെന്ന് ആരും നിരൂപിച്ചതല്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടാഴ്ചയോളമായിട്ടും പുതിയ സർക്കാർ ഇതുവരെ അധികാരമേൽക്കാതിരിക്കാൻ കാരണം ഉദ്ധവിന്റെ പുത്രൻ ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാൻ മുഖ്യകക്ഷിയായ ബി.ജെ.പി വിസമ്മതിച്ചതാണ്. മകന് രണ്ടര വർഷം മുഖ്യമന്ത്രിക്കസേര നൽകാൻ വയ്യെങ്കിൽ മന്ത്രിസഭാ രൂപീകരണവും വേണ്ടെന്ന് ശിവസേന കടുംപിടി തുടർന്നപ്പോഴാണ് സംസ്ഥാനം ഒടുവിൽ രാഷ്ട്രപതി ഭരണത്തിന് വഴിമാറിയത്.ആ തീരുമാനം എന്തായാലും ഉചിതമായി.
ഭരണത്തുടർച്ച നിലനിറുത്താൻ ബി.ജെ.പിയും ശിവസേനയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും സഖ്യമായിട്ടാണു മത്സരിച്ചത്. പ്രതീക്ഷിച്ചതുപോലെ വമ്പിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെങ്കിലും 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടാൻ സഖ്യത്തിനു കഴിഞ്ഞു. ബി.ജെ.പി 105 സീറ്റിലും ശിവസേന 56 സീറ്റിലും വിജയം നേടിയപ്പോൾ മറ്റാരുടെയും പിന്തുണ കൂടാതെ തന്നെ അവർക്ക് ഉറപ്പുള്ള സർക്കാരുണ്ടാക്കാൻ വിഷമമൊന്നുമില്ലായിരുന്നു. ഭൂരിപക്ഷത്തിന് ആവശ്യമായതിലും 16 അംഗങ്ങൾ കൂടുതലായതിനാൽ സർക്കാർ രൂപീകരണം അനായാസമാകുമെന്ന ധാരണയാണ് പൊതുവേ നിലനിന്നത്. എന്നാൽ രാഷ്ട്രീയകേന്ദ്രങ്ങളെയാകെ അമ്പരപ്പിക്കുന്ന നീക്കങ്ങൾക്കാണ് സംസ്ഥാനം പിന്നീട് സാക്ഷ്യം വഹിച്ചത്. അസംബന്ധമെന്നോ ആഭാസമെന്നോ പറയാവുന്ന വിധം ശിവസേന രാഷ്ട്രീയ വിലപേശലുമായി രംഗത്തുവരികയായിരുന്നു.
മുഖ്യമന്ത്രി പദവും മന്ത്രിസ്ഥാനങ്ങളും പപ്പാതിയായി വീതിക്കണമെന്ന ആവശ്യം ഉയർന്നതാണ് പ്രശ്നമായത്. മന്ത്രിസ്ഥാനങ്ങളിൽ വിട്ടുവീഴ്ചയാകാമെങ്കിലും മുഖ്യമന്ത്രി പദം അഞ്ചുവർഷവും തങ്ങളുടെ കൈവശം തന്നെയിരിക്കുമെന്ന് ബി.ജെ.പി ഉറച്ച നിലപാടെടുത്തു. ഇരുപതു വർഷമായി ഇരുപാർട്ടികളും കൊണ്ടുനടന്ന സഖ്യം ഇതോടെ തകർന്നു. 55 എം.എൽ.എ മാരുള്ള എൻ.സി.പിയുമായി ചേർന്നും 54 പേരുള്ള കോൺഗ്രസിന്റെ പിന്തുണയോടും കൂടി മഹാരാഷ്ട്രാ ഭരണം പിടിക്കാമെന്ന സേനയുടെ അതിമോഹം പക്ഷേ ഗവർണറുടെ അനുഭാവരഹിതമായ സമീപനം കാരണം പൊട്ടിത്തകരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഗവർണർ നിശ്ചയിച്ച സമയപരിധിക്കകം നിശ്ചിത എണ്ണം എം.എൽ.എമാരുടെ പട്ടിക ഹാജരാക്കാൻ ശിവസേനയ്ക്കായില്ല. ഇത്രയും കാലം ശത്രുപക്ഷത്തായിരുന്ന കോൺഗ്രസിന് അടിയന്തര ഘട്ടത്തിൽ സേനയ്ക്ക് പിന്തുണ നൽകാൻ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകുമെന്നത് മനസിലാക്കാവുന്നതേയുള്ളൂ. ശിവസേനയ്ക്ക് നൽകിയ അവസരം പാഴായതോടെ സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എൻ.സി.പിക്കും ഗവർണർ ക്ഷണം നൽകി . രാഷ്ട്രീയാനിശ്ചിതത്വം മുന്നിൽ കണ്ട് അവരും ക്ഷണം സ്വീകരിക്കാൻ തയ്യാറായില്ല. അങ്ങനെയാണ് ഗവർണറുടെ ശുപാർശ പരിഗണിച്ച് രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങിയത്.
അധികാര മത്സരത്തിൽ രാഷ്ട്രീയ കക്ഷികൾ ഏതു നേറികേടിനും മുതിരുന്നത് സർവസാധാരണമാണ്. എന്നാൽ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഭൂരിപക്ഷം നേടി മന്ത്രിസഭ രൂപീകരിക്കേണ്ട ഘട്ടമെത്തിയപ്പോൾ മുഖ്യമന്ത്രിക്കസേരയുടെ പകുതിക്കായി സഖ്യ മര്യാദകളും രാഷ്ട്രീയ വിവേകവും പാടേ മറന്നുകൊണ്ട് ശിവസേനാ നേതൃത്വം ജനവിധി അപ്പാടെ അട്ടിമറിക്കാൻ തുനിഞ്ഞത് ഉൾക്കൊള്ളാനാവാത്തതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ നൽകിയ വാഗ്ദാനം അതേപടി നടപ്പാക്കണമെന്നാണ് സേനാ നേതൃത്വം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പദം ഉൾപ്പെടെ മന്ത്രിസ്ഥാനങ്ങൾ തുല്യമായി വീതിക്കാമെന്ന് അമിത് ഷാ തനിക്കു ഉറപ്പു നൽകിയിരുന്നുവെന്നാണ് സേനാധിപൻ ഉദ്ധവ് താക്കറെ അവകാശപ്പെട്ടത്. എന്നാൽ ഇത്തരത്തിലൊരു വാഗ്ദാനം ബി.ജെ.പി നൽകിയിട്ടേയില്ലെന്നായിരുന്നു അവരുടെ നിലപാട്. ഉദ്ധവിന്റെ പുത്രനും ശിവസേനാ യുവജന വിഭാഗം അദ്ധ്യക്ഷനുമായ ആദിത്യ താക്കറെയ്ക്കു വേണ്ടി കണ്ടുവച്ച മുഖ്യമന്ത്രി പദം ഉപേക്ഷിക്കേണ്ടിവന്നതിലെ കുണ്ഠിതവും അമർഷവുമാണ് ശിവസേനയെ രണ്ടും കെട്ട നിലപാടെടുക്കാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്. ആദിത്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ രൂപീകരണത്തെ പിന്തുണയ്ക്കാൻ എൻ.സി.പിയും തയ്യാറല്ലെന്നു വന്നതോടെ ഉദ്ധവ് താക്കറെയാകും മുഖ്യമന്ത്രിയെന്ന ചുവടു മാറ്റത്തിനും സേന തയ്യാറായതാണ്. ശിവസേനയുടെ ഇരട്ടി സീറ്റ് നേടിയ ബി.ജെ.പി മുഖ്യമന്ത്രി പദം വീതിച്ചുനൽകാൻ വിസമ്മതിച്ചതിൽ സഖ്യ രാഷ്ട്രീയത്തിന്റെ സ്വഭാവമറിയുന്ന ആരും കുറ്റം പറയുമെന്നു തോന്നുന്നില്ല. ഉപമുഖ്യമന്ത്രി സ്ഥാനവും മികച്ച വകുപ്പുകൾ ഉൾപ്പെടെ ചോദിക്കുന്ന മന്ത്രിസ്ഥാനങ്ങളും വച്ചു നീട്ടിയിട്ടും അതിനൊന്നും വഴങ്ങാതെ മഹാരാഷ്ട്രയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് ശിവസേന ഒരുങ്ങിയത്. ജനാഭിലാഷത്തിനും രാഷ്ട്രീയ ധാർമ്മികതയ്ക്കും തീർത്തും നിരക്കാത്ത നടപടിയാണ് ശിവസേനയിൽ നിന്നുണ്ടായത്.
നിലവിലുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതെങ്കിലും വിധത്തിൽ ഒരു സഖ്യ സർക്കാർ സ്ഥാനമേറ്റാൽത്തന്നെ അധികകാലം ആയുസുണ്ടാകുമായിരുന്നില്ല. സമീപകാലത്ത് അതിന് ഉദാഹരണങ്ങൾ പലതുണ്ട്. റിസോർട്ട് വാസവും ചാക്കിട്ടുപിടിത്തവുമൊക്കെ നീട്ടിക്കൊണ്ടുപോകാൻ ഇടയാക്കാതെ ഗവർണർ ഇടപെട്ടത് നന്നായി..ജനവിധിയെ കളിയാക്കി ഭരണം കൈവിട്ടതിന് ശിവസേന വലിയവിലതന്നെ ഭാവിയിൽ നൽകേണ്ടിവന്നേക്കാം. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയാനിശ്ചിതത്വത്തിന് എന്തുകൊണ്ടും രാഷ്ട്രപതി ഭരണമാണ് പ്രതിവിധി. താമസിയാതെ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണം.