1

തിരുവനന്തപുരം: നഗരത്തിലേക്ക് ജലമെത്തിക്കുന്ന പ്രധാന പൈപ്പുകളിലൊന്ന് പേരൂർക്കട അമ്പലമുക്ക് ജംഗ്ഷന് സമീപം ഇന്നലെ പൊട്ടിയതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം ജലവിതരണം പൂർണമായി തടസപ്പെട്ടു. വെള്ളം റോഡിലേക്ക് പൊട്ടിയൊഴുകി ഗതാഗതവും നിശ്ചലമാക്കി. ഒടുവിൽ പേരൂർക്കട ഓവർ ഹെഡ് ടാങ്കിൽ നിന്നുള്ള വാൽവ് അടച്ചാണ് അധികൃതർ ചോർച്ച താത്കാലികമായി നിയന്ത്രിച്ചത്. അമ്പലമുക്ക് കുരിശടിക്ക് സമീപം പ്രധാന റോഡിൽ ഇന്നലെ രാവിലെ ഏഴോടെയാണ് വൻ ശബ്ദത്തോടെ 700 എം.എം പ്രിമോ പെപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ചതോടെ മണ്ണും ടാറുമെല്ലാം ഇളകിത്തെറിച്ചു. ശക്തമായ ഒഴുക്കിൽ റോഡിൽ വൻ കുഴി രൂപപ്പെട്ടു. നഗരത്തിലെ ജലവിതരണത്തോടൊപ്പം ഗതാഗതവും താറുമാറായി. 40 വർഷം പഴക്കമുള്ള കോൺക്രീറ്റ് പൈപ്പിന്റെ അടിഭാഗം രണ്ടര മീറ്ററോളമാണ് പൊട്ടി മാറിയത്. ശരാശരി 15 വർഷം മാത്രം കാലാവധിയുള്ള പൈപ്പാണ് നാല് ദശാബ്ദമായി മാറ്റാതെ ഇട്ടിരുന്നത്. ഇന്നലെ രാവിലെ തന്നെ ജല അതോറിട്ടി അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും രാത്രി വൈകിയും വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞില്ല.

അപ്രതീക്ഷിതമായി കുടിവെള്ളം നിലച്ചത് നഗരവാസികൾക്കും ഇരുട്ടടിയായി. രാവിലെ സ്കൂളിലും കോളേജിലും പോകാനുള്ള വിദ്യാർത്ഥികളും ഓഫീസിലേക്ക് പോകാനൊരുങ്ങിയവരെല്ലാം കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ നരകിച്ചു. ആരുംതന്നെ വെള്ളം ശേഖരിച്ചിരുന്നതുമില്ല. ഇന്നലെ രാവിലെ എട്ടോടെ തന്നെ അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും കുടിവെള്ള വിതരണം സാധാരണ നിലയിലാകാൻ ഇന്ന് വൈകിട്ടാകും. ഇന്ന് പുലർച്ചയോടെ പമ്പിംഗ് പുനരാരംഭിക്കാനാകുമെന്നാണ് കരുതുന്നതെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ രാത്രിയാകും. അമ്പലമുക്കിന് സമീപം മുട്ടട റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. എന്നാൽ കുരിശടി ഭാഗത്ത് ഇതാദ്യമായാണ് പൈപ്പ് പൊട്ടുന്നത്. വി.കെ പ്രശാന്ത് എം.എൽ.എ സ്ഥലം സന്ദർശിച്ചു. പ്രശ്നം പരിഹരിക്കാൻ പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പണി വൈകാൻ കാരണം

രണ്ട് കലുങ്കുകൾക്ക് നടുവിലുള്ള കാലപ്പഴക്കമേറിയ ഓടയ്ക്ക് മുകളിലൂടെയാണ് പൈപ്പ് കടന്നു പോകുന്നത്. കരിങ്കല്ലുകളും ഈ ഭാഗത്തുണ്ട്. ഇതാണ് അറ്റകുറ്റപ്പണി വൈകിച്ചത്. രണ്ടര മീറ്ററോളം താഴ്ചയിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തു. ഈ ഭാഗത്തെ പാറ പൊട്ടിച്ച് നീക്കിയ ശേഷമാണ് പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്തി മുറിച്ചുമാറ്റിയത്. ഒന്നര മീറ്ററോളം നീളത്തിൽ മൈൽഡ് സ്റ്റീൽ ഉപയോഗിച്ചുള്ള കവചം തയ്യാറാക്കി പൊട്ടിയ ഭാഗത്തോട് ചേർത്ത് വെൽഡ് ചെയ്യുകയാണ് അധികൃതർ.

ജലവിതരണം ഇന്നും മുടങ്ങും


അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ ഇന്നും നഗരത്തിൽ ജലവിതരണം തടസപ്പെടുമെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. അമ്പലമുക്ക്, കവടിയാർ, കുറവൻകോണം, മരപ്പാലം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, മെഡിക്കൽകോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ജലവിതരണം ഭാഗികമായി മുടങ്ങുക.

ഇഴഞ്ഞ് നീങ്ങിയ വാഹന നിര

തിരുവനന്തപുരം: അമ്പലമുക്ക് കുരിശടിക്ക് മുന്നിൽ ഇന്നലെ പൈപ്പ് പൊട്ടി റോഡിൽ ഗർത്തമുണ്ടായതോടെ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. നെടുമങ്ങാടിനെ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് കുഴിയുണ്ടായത്.

അതിനാൽ തന്നെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കുഴിയുണ്ടായതോടെ കവടിയാറിലേക്കുള്ള റോഡ് തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് അടച്ചു. തുടർന്ന് പേരൂർക്കടയിലേക്കുള്ള റോഡിലൂടെ രണ്ട് വരിയായി വാഹനങ്ങൾ കടത്തിവിട്ടെങ്കിലും മിനിട്ടുകൾക്കകം റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാനാകാത്ത സ്ഥിതിയായിരുന്നു.കവടിയാറിലേക്കും മുട്ടട,​ നാലാഞ്ചിറ ഭാഗത്തേക്കുമുള്ള ഗതാഗതവും തടസപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതിനിടെയാണ് പൈപ്പ്കൂടി പൊട്ടി മാർഗതടസം ഉണ്ടായത്. പേരൂർക്കടയിൽ നിന്ന് വാഹനങ്ങളെ ഊളമ്പാറ, ശാസ്തമംഗലം വഴി തിരിച്ചുവിട്ടെങ്കിലും ഈ റോഡും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി.

നേരിയ ചോർച്ചയുണ്ടായിരുന്ന പൈപ്പിന് മുകളിലൂടെ ഭാരമേറിയ വാഹനം കടന്നു പോയതിനെ തുടർന്നുണ്ടായ മർദ്ദം താങ്ങാനാകാതെ പൈപ്പ് പൊട്ടുകയായിരുന്നു

- ജലഅതോറിട്ടി ഉദ്യോഗസ്ഥർ

ഇവിടെ ജനം ദാഹിച്ചുവലഞ്ഞു

അമ്പലമുക്ക് കവടിയാർ

 പട്ടം  പൊട്ടക്കുഴി

 കേശവദാസപുരം

 മെഡിക്കൽകോളേജ്

 ഉള്ളൂർ  പരുത്തിപ്പാറ

മുട്ടട