തിരുവനന്തപുരം: അച്ഛനാണ് പ്രണവിന്റെ വലതുകൈ. അമ്മ ഇടംകൈയ്യും! ഇരുവരുടെയും സഹായത്തോടെ പാലക്കാട് ആലത്തൂരിൽ നിന്ന് നിയമസഭ വരെയെത്തി, മുഖ്യമന്ത്രിയുടെ കൈയിലേക്ക് പ്രണവ് നൽകിയ 5000 രൂപയുടെ മൂല്യം അതിനു പിന്നിലെ മനസ്സാണ്. രണ്ടു കൈകളില്ല, സ്വന്തമായി വീടില്ല... എന്നിട്ടും സമ്മാനമായി കിട്ടിയ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ പ്രണവിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇത് കേരളത്തിന് പ്രണവിന്റെ പിറന്നാൾ സമ്മാനമാണ്!
ഇന്നലെ പ്രണവിന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ആയിരുന്നു. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിനു പകരം പ്രണവ് അച്ഛനെയും അമ്മയെയും കൂട്ടി തിരുവനന്തപുരത്തേക്കു വന്നത് പഴയൊരു സങ്കടം തീർക്കാൻ കൂടിയാണ്. പ്രണവ് നന്നായി ചിത്രം വരയ്ക്കും. കാലുകൾ കൊണ്ടാണ് വര. സുമനസ്സുകൾ അത് പണം നൽകി വാങ്ങും. കഴിഞ്ഞ മഹാപ്രളയ കാലത്ത് ചിത്രം വിറ്റു കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് പ്രണവ് നൽകിയിരുന്നെങ്കിലും നേരിട്ട് മുഖ്യമന്ത്രിയെ ഏൽപ്പിക്കാനായില്ല. പാലക്കാട്ട് ഒരു ചടങ്ങിനിടെ മന്ത്രി എ.കെ. ബാലനെ തുക ഏല്പിച്ചു.
അന്നു മുതൽ വിചാരിക്കുന്നതാണ്, തന്റെ സംഭാവന മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ഏല്പിക്കണമെന്ന്. ഇന്നലെ അതു സാധിച്ചു. പ്രണവിനും കുടുംബത്തിനുമൊപ്പം ആലത്തൂരുകാരനായ എം.എൽ.എ കെ.ഡി. പ്രസേനനും ഉണ്ടായിരുന്നു. നിയമസഭാ മന്ദിരത്തിലെ ഓഫീസ് മുറിയിൽ പ്രണവിനെ മുഖ്യമന്ത്രി നിറചിരിയോടെ സ്വീകരിച്ചു. സെൽഫി എടുക്കാൻ കൂടെ നിന്നു. ഫ്ളവേഴ്സ് ചാനൽ റിയാലിറ്രി ഷോയിൽ കോമഡി പരിപാടിയിൽ പങ്കെടുത്തിനു കിട്ടിയ സമ്മാനത്തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നാട്ടിലേക്കു മടങ്ങുംമുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പ്രണവും കുടുംബവും അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടു. വർത്തമാനകാലത്തിന്റെ റോൾ മോഡൽ എന്ന് ചെന്നിത്തലയും പ്രണവിനെക്കുറിച്ച് പോസ്റ്റിട്ടു.
മേസ്തിരിപ്പണിയാണ് പ്രണവിന്റെ അച്ഛൻ സുബ്രഹ്മണ്യന്. അമ്മ സ്വർണ്ണകുമാരി. ആലത്തൂർ കാട്ടുശ്ശേരിയിലെ വാടകവീട്ടിൽ താമസം. ചിറ്റൂർ ഗവ. കോളേജിൽ ബി.കോം പൂർത്തിയാക്കിയ പ്രണവ് ഇപ്പോൾ പി.എസ്.സി പരീക്ഷാ പരിശീലനത്തിലാണ്. ആലത്തൂരിലെ ഒരു ജീവകാരുണ്യ സംഘടന പ്രണവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനുള്ള ശ്രമത്തിലാണ്. മറ്റൊരു വിശേഷം കൂടി- ചലച്ചിത്ര നിർമ്മാതാവ് ആലത്തൂർ നൗഷാദിന്റെ അടുത്ത സിനിമയിൽ പ്രണവിന് ഒരു വേഷമുണ്ട്!