തിരുവനന്തപുരം: വാളയാർ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനിടെ തളർന്നുവീണ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നിന്ന് പ്രകടനമായാണ് നിയമസഭയുടെ മുന്നിലേക്കെത്തിയത്. ആർ. ശങ്കറിന്റെ പ്രതിമയ്ക്ക് സമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. സർക്കാരിനും മന്ത്രി എ.കെ. ബാലനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡ‌് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഒരുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചപ്പോഴാണ് പ്രശാന്തിന് പരിക്കേറ്റത്. സംസ്ഥാന പ്രസിഡന്റ് പി. സുധീർ മാർച്ച് ഉദ്ഘാടനം ചെയ്‌തു. എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി സ്വപ്‌നജിത്ത് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാപ്രസിഡന്റ് എസ്. സുരേഷ് മാർച്ചിനെ അഭിവാദ്യം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പുരുഷോത്തമൻ, സർജു തൊയ്‌ക്കാവ്, അശോകൻ മുട്ടം, എസ്.സി മോർച്ച ഭാരവാഹികളായ പാറയിൽ മോഹനൻ, വിളപ്പിൽ സന്തോഷ്, പുഞ്ചക്കരി രതീഷ്, വിമൽരാജ്, രാജാജി നഗർ മനു, നേമം ബിജു, വർക്കല ശ്രീനി, വൈക്കം സുനിൽകുമാർ, മലവിള രാജേന്ദ്രൻ, മോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു.