തിരുവനന്തപുരം : നഗരസഭാ ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ ഒരുവർഷം ശേഷിക്കേ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെ. ശ്രീകുമാർ 100 ദിന കർമ്മ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നു. 18ന് ഭരണസമിതി 4 വർഷം പൂർത്തിയാക്കും. അന്നു മുതൽ 100 ദിവസക്കാലം 100 വാർഡുകളിലായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ശ്രീകുമാർ വ്യക്തമാക്കി.
മേയറായി ചുമതലയേറ്റ ശേഷം സംഘടിപ്പിച്ച വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലത്തിനുള്ളിൽ നൂതനപദ്ധതികൾ നടപ്പാക്കുകയെന്നതാണ് പുതിയ മേയറുടെ ലക്ഷ്യം. 100 ദിന കർമ്മപദ്ധതികൾ അതിന്റെ ഭാഗമാണ്. കേവലഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നിലനിറുത്താനായത് ഏറെ ആശ്വാസകരമാണ്. എന്നാൽ ഓരോ ചുവടും വെല്ലുവിളി നിറഞ്ഞതാണ്. പ്രതിപക്ഷ കക്ഷികളെ കൂടി പരിഗണിച്ചായിരുന്നു കഴിഞ്ഞ നാലുവർഷവും വി.കെ. പ്രശാന്ത് മുന്നോട്ട് പോയത്. ബി.ജെ.പി പലപ്പോഴും വി.കെ. പ്രശാന്തിനോട് കൊമ്പുകോർക്കുന്ന സാഹചര്യത്തിലും യു.ഡി.എഫിന്റെ ഭാഗത്തു നിന്നു പ്രശാന്തിന് പിന്തുണ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ ശ്രീകുമാറിന് അത്തരമൊരു പിന്തുണ ലഭിക്കുമോയെന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷ കക്ഷികളോട് വി.കെ. പ്രശാന്ത് സ്വീകരിച്ച നയമാകും ശ്രീകുമാറും സ്വീകരിക്കുക.
ലക്ഷ്യം
മേയർ എന്ന നിലയിൽ വി.കെ. പ്രശാന്ത് തുടങ്ങിവച്ച ജനകീയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും
പ്രതിപക്ഷ കക്ഷികളെയുൾപ്പെടെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും
അടിസ്ഥാനസൗകര്യവികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും
നൂറു വാർഡുകളിലും വികസനം സാദ്ധ്യമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും