മലയിൻകീഴ്: ജലസമൃദ്ധി പദ്ധതി പ്രഖ്യാപനം നാളെ വൈകിട്ട് 4ന് നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.ബി. സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി, ഭൂജലവകുപ്പ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്ക്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും. മണ്ഡലത്തിലെ 73 പൊതുസ്ഥാപനങ്ങളിൽ നടത്തിയ ശാസ്ത്രീയ പഠനത്തിൽ 40 സ്ഥാപനങ്ങൾ കൃത്രിമ ഭൂജല പരിപോഷണത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. പൊതു സ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പരിപോഷണം പൂർത്തിയാക്കുന്ന ആദ്യത്തെ നിയോജകമണ്ഡലം കാട്ടാക്കടയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂജലവകുപ്പ് നാല് ഘട്ടങ്ങളായിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജികുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.