issac

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അനാവശ്യച്ചെലവുകൾ ഒഴിവാക്കി പദ്ധതിയേതര ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം വാർഷിക അടങ്കലിൽ 20 ശതമാനം കുറവുവരുത്തിയിരുന്നു. സർക്കാരിന്റെ പ്രതീക്ഷിത വരുമാനത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറിലെ 33.84 ശതമാനത്തെ അപേക്ഷിച്ച് ഈ വർഷം ഇതേകാലയളവിൽ പദ്ധതിച്ചെലവ് 41.91 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.

കിഫ്ബിയെ അക്കൗണ്ട് ജനറലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കിഫ്ബി മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്ത പദ്ധതികൾ ഏറ്റെടുക്കുമെന്ന് ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കത്തിൽ പറയാകാനില്ലെന്നും എം. ഉമ്മർ, കെ.എൻ.എ. ഖാദർ, എസ്. ശർമ, കെ.എസ്. ശബരീനാഥൻ,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ മന്ത്രി അറിയിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. കിഫ്‌ബി ഭാവി തലമുറയ്ക്ക് ബാദ്ധ്യതയാകില്ലെന്നം മന്ത്രി വ്യക്തമാക്കി.

147 ക്വാറികൾക്ക് ഖനനാനുമതി: മന്ത്രി ഇ.പി. ജയരാജൻ

പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. 2018ലെ പ്രളയത്തിന് ശേഷം 147 ക്വാറികൾക്ക് ഖനനാനുമതി നൽകി. എന്നാൽ ഇതെല്ലാം ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ്. പ്രളയം ബാധിച്ച ഒരിടത്തും ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ല. കവളപ്പാറയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ഒരു ക്വാറിക്കും പ്രവർത്തനാനുമതി നൽകിയിട്ടില്ല. ഇവിടെ അനധികൃതമായി പ്രവർത്തിച്ച എട്ട് ക്വാറികൾ പൂട്ടി. സുപ്രീംകോടതി നിർദ്ദേശപ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് വരെ പരിസ്ഥിതിലോല മേഖലയാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും വി.ടി. ബൽറാം, റോജി എം. ജോൺ, അൻവർ സാദത്ത്, അനിൽ അക്കര എന്നിവരെ മന്ത്രി അറിയിച്ചു.