ഒരു നല്ല അദ്ധ്യാപകനോടൊത്ത് ചെലവഴിക്കുന്ന ഒരൊറ്റ ദിവസം ആയിരം ദിവസത്തെ പഠനത്തേക്കാൾ ഗുണം ചെയ്യും, എന്ന ജാപ്പനീസ് പഴമൊഴി അന്വർത്ഥമാക്കുന്ന ഒരു സുദിനമാണ് ഇന്ന്.
.കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ജന്മദിനമാണ് ശിശുദിനം. കുട്ടികൾക്കു വേണ്ടിയുള്ള ദിനം.
ഒരു തലമുറയുടെ ആരംഭമാണ് ഓരോ കുട്ടിയുടെയും ജനനം. ആഡംബരങ്ങൾക്കും മഹിമകൾക്കുമിടയിൽ അവനവനിലേക്ക് മാത്രമായി ചുരുങ്ങിയ ഒരു ജനത സ്വാർത്ഥ താല്പര്യങ്ങൾ മാത്രം മുന്നിൽ കണ്ട് ബന്ധങ്ങളെ ബന്ധനങ്ങളാക്കിക്കൊണ്ട് അതിർവരമ്പുകൾ നിശ്ചയിക്കപ്പെടുമ്പോൾ അവിടെ അനാഥത്വം അനുഭവിക്കാൻ വിധിക്കപ്പെടുന്നത് നിഷ്കളങ്കമായ കുഞ്ഞുങ്ങളാണ്.
നന്മയും സ്നേഹവും സൗഹാർദ്ദവും ചിന്തയും സാമൂഹിക പ്രതിബദ്ധതയും മൂല്യങ്ങളുടെ പ്രാധാന്യവും അറിഞ്ഞുവേണം നമ്മുടെ മക്കൾ വളരാൻ. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒട്ടേറെ മേഖലകളിൽ ഒരദ്ധ്യാപകന് കുട്ടികളെ സ്വാധീനിക്കാൻ കഴിയും.
അമ്മമാർ കുട്ടികളുടെ ആദ്യ അദ്ധ്യാപകരാണെങ്കിൽ അദ്ധ്യാപകർ കുട്ടികൾക്ക് എന്നന്നേക്കുമായുള്ള അമ്മമാരാണ് എന്ന് പറയാറുണ്ട്. കുട്ടികളോട് പ്രിയപ്പെട്ട അദ്ധ്യാപകനെക്കുറിച്ചുള്ള ഓർമ്മയെന്ത് എന്നു ചോദിച്ചാൽ പറയാനുള്ളത് പാഠഭാഗത്തെക്കുറിച്ചോ അദ്ധ്യാപനത്തെക്കുറിച്ചോ ആയിരിക്കില്ല, മറിച്ച് തന്നെ എങ്ങനെ എല്ലാറ്റിനും പ്രാപ്തനാക്കി എന്നതിനെക്കുറിച്ചായിരിക്കും. അദ്ധ്യാപകനും വിദ്യാർത്ഥിക്കും ഇടയിലുണ്ടാകുന്ന സാംസ്കാരികമായ അകൽച്ച അവനെ പ്രതികൂലമായി ബാധിക്കും . തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ ബുദ്ധിക്കപ്പുറം ഹൃദയംകൊണ്ട് കേൾക്കുന്ന ഒരദ്ധ്യാപകന് അവർ പറയുന്ന കാര്യങ്ങളുടെ അർത്ഥതലങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കും. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കുന്ന, അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ അനുവദിക്കുന്ന രീതി അഥവാ ഒരു ആത്മബന്ധം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഉടലെടുക്കണം. ആ രീതിയിലായിരിക്കണം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ആശയവിനിമയം നടത്തേണ്ടത്.
. ഈ കാലഘട്ടത്തിൽ മാതാപിതാക്കൾക്കും മറ്റു രക്ഷിതാക്കൾക്കും നൽകാവുന്നതിലേറെ സുരക്ഷിതത്വം കുട്ടികൾക്ക് നൽകുവാൻ അദ്ധ്യാപകർ പ്രതിജ്ഞാബദ്ധരാണ്. കൂട്ടായ പരിശ്രമത്തിലൂടെ മുന്നിലിരിക്കുന്ന കുട്ടികൾക്ക് അറിവ് പകരുന്നത് മാത്രമല്ല, അവരുടെ വളർച്ചയുടെ ഓരോ നാഴികക്കല്ലും സ്വന്തം ഉത്തരവാദിത്വത്തിന്റെ ഭാഗമായിക്കാണുവാൻ അദ്ധ്യാപകർക്ക് ഈ ശിശുദിനത്തിൽ പ്രതിജ്ഞ എടുക്കാം.
അദ്ധ്യാപകർ നീട്ടുന്ന കരുതലിന്റെ കൈത്താങ്ങാണ് കുഞ്ഞുങ്ങളുടെ സുരക്ഷ. സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ കുട്ടികളുടെ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ അദ്ധ്യാപനം ഒരു കലയായും അദ്ധ്യാപകൻ ഒരു കലാകാരനായും മാറുന്നു. അവിടെയാണ് ഗുരുവും ഈശ്വരനും ഒരേസമയം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ആദ്യം ഞാൻ ഗുരുവിനെ വന്ദിക്കും. ആ ഗുരുവാണ് ഈശ്വരനിലേക്കുള്ള വഴി തുറന്നു തരുന്നത് എന്ന കബീർദാസിന്റെ വാക്കുകൾ അർത്ഥവത്താകുന്നത്.
(ജ്യോതിസ്ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാനാണ് ലേഖകൻ
jyothischandran2122@gmail.com. Mob : 9446065751)