തിരുവനന്തപുരം: മയക്കുമരുന്ന്, കഞ്ചാവ് കടത്തുകാർ വാഹനങ്ങളിൽ ചീറിപ്പാഞ്ഞാലും എക്സൈസിന് ഇനി പേടിക്കേണ്ട! പുതുപുത്തൻ വാഹനങ്ങളിൽ ചേസ് ചെയ്ത് കടത്തുകാരെ പിടികൂടാം. ഹൈവേകളിൽ പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസിന് പുതിയ വാഹനങ്ങൾ ലഭ്യമാക്കി. സ്പോർട്സ് യൂട്ടിലിറ്റി വിഭാഗത്തിൽപെടുന്ന പതിനാല് ടാറ്റ ഹെക്സ കാറുകളും അറുപത്തി അഞ്ച് മഹിന്ദ്ര ടി.യു.വി വാഹനങ്ങളുമാണ് വകുപ്പിന് ലഭിച്ചത്. ഇതോടെ വകുപ്പ് നേരിടുന്ന വാഹന ക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും. ആറര കോടിയോളം രൂപ ചെലവിട്ടാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്.
വാങ്ങിയ പതിനാല് ഹെക്സ കാറുകളിൽ ഒരെണ്ണം വീതം ഓരോ ജില്ലകൾക്കും നൽകി. മയക്കു മരുന്ന്, നിരോധിത ലഹരി വസ്തുക്കൾ, മദ്യക്കടത്ത് എന്നിവ തടയാൻ ഹൈവേകളിലാണ് പുതിയ വാഹനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുക.
എക്സൈസിലെ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് എന്ന വിഭാഗമാണ് ഹൈവേകളിൽ പരിശോധന നടത്തുന്നത്. ഇവർക്കായി ഹെക്സ കാറുകൾ നൽകും. പതിനെട്ട് ലക്ഷം രൂപയോളമാണ് ഇതിന്റെ വില. എട്ടുപേർക്ക് വരെ ഇതിൽ യാത്ര ചെയ്യാം. ഇതോടെ ഹൈവേകളിലും പ്രധാന റോഡുകളിലും വാഹന പരിശോധന കൂടുതൽ കാര്യക്ഷമമാവും. സൂപ്പർ ബൈക്കുകളിലും ആഡംബര കാറുകളിലും ലഹരി കടത്തുന്നവരെ പിന്നാലെ ചെന്ന് പിടികൂടാൻ ഇതിലൂടെ എക്സൈസിന് കഴിയും. ലഹരിക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചാൽ അവിടെ ഉടൻ എത്താനും അത്യാധുനിക സൗകര്യമുള്ള ഈ വാഹനം വഴി സാധിക്കും. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ജി.പി.എസ് സംവിധാനങ്ങൾ വാഹനത്തിലുണ്ട്. മുൻപ് ബൊലേറോ ജീപ്പുകളായിരുന്നു സ്‌ട്രൈക്കിംഗ് ഫോഴ്സ് ഉപയോഗിച്ചിരുന്നത്.
പുതുതായി വാങ്ങിയ 65 മഹിന്ദ്ര ടി.യു.വി വാഹനങ്ങൾ എല്ലാ എക്സൈസ് റേഞ്ചുകളിലേക്കും ഉടൻ കൈമാറും. ആറ് ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. പതിനൊന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ പുതിയ വാഹനങ്ങൾ വരുന്നതോടെ മാറ്റാനും തീരുമാനമുണ്ട്. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ എല്ലാം പൂർത്തിയായി കഴിഞ്ഞു.