തിരുവനന്തപുരം: ഒരുകാലത്തും നേരിട്ടിട്ടില്ലാത്ത സാമ്പത്തിക തകർച്ചയാണ് രാജ്യം നേരിടുന്നതെന്നും റിസർവ് ബാങ്ക് കരുതൽ ധനം എടുത്ത് ഉപയോഗിക്കേണ്ട സ്ഥിതിയിലേക്ക് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.എ സർക്കാർ കൊണ്ടുവന്ന സാമൂഹ്യക്ഷേമ പദ്ധതികളെല്ലാം തകിടം മറിച്ച മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം വിറ്റുതുലച്ച് കോർപറേറ്റുകളെ പ്രീണിപ്പിക്കുന്ന ഭരണമാണ് നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എസ്.പി.ജി സുരക്ഷ എടുത്തുകളഞ്ഞാൽ വീട്ടിലിരിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്നും അവർ ജനങ്ങൾക്കിടയിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സംസാരിച്ചു.