ഉള്ളൂർ: അബദ്ധത്തിൽ എയർ ഗൺ പൊട്ടി പാഞ്ഞ പെല്ലറ്റ് വായിലൂടെ തുളച്ചുകയറി തറച്ചത് തലയോട്ടിയിൽ. മൂന്നര മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പെല്ലറ്റ് നീക്കം ചെയ്തു. വർക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ടിയിൽ തറച്ച നിലയിൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എയർഗൺ തുടച്ചു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. എക്സ്റേയും സ്കാനിംഗ് റിപ്പോർട്ടുകളും പരിശോധിച്ചപ്പോൾ, പെല്ലറ്റ് വായിലൂടെ തുളച്ചു കയറി തലയോട്ടിക്ക് അടിഭാഗത്ത് തലച്ചോറിലെ മെഡുലയ്ക്കു മുന്നിലായി തറച്ചിരിക്കുകയാണെന്ന് കണ്ടു.
ന്യൂറോ സർജറി വിഭാഗം അഡി. പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എം.എസ്. ഷർമ്മദിന്റെ നേതൃത്വത്തിലായിരുന്നു വായിലൂടെയുള്ള ശസ്ത്രക്രിയ. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. അഭിഷേക്, ഡോ. രാജ് എസ്. ചന്ദ്രൻ, ഡോ. ദീപു, ഇ.എൻ.ടി വിഭാഗത്തിലെ ഡോ. നിഖില, ഡോ. മുബിൻ, ഡോ. ലെമിൻ, ഡോ. ഷാൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. ഉഷാകുമാരി, ഡോ. ജയചന്ദ്രൻ, ഡോ. നരേഷ്, ഡോ. ഗായത്രി, ഡോ. രാഹുൽ, നഴ്സുമാരായ ബ്ലെസി, സിന്ധു തിയേറ്റർ ടെക്നിഷ്യൻ ജിജി, സയന്റിഫിക് അസിസ്റ്റന്റ് റിസ് വി, തിയേറ്റർ അസിസ്റ്റന്റുമാരായ നിപിൻ, വിഷ്ണു എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.