തിരുവനന്തപുരം: ദീർഘകാല രോഗമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രവർത്തിക്കുന്ന 'സൊലസ്' എന്ന സംഘടനയുടെ തിരുവനന്തപുരം കേന്ദ്രത്തിന്റെ ഉദ്ഘാടനം 17ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കുമെന്ന് സെക്രട്ടറി ഷീബ അമീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനെട്ടു വയസു വരെയുള്ള രോഗികളായ കുട്ടികൾക്കും കുടുംബത്തിനുമാണ് സൊലസ് സംരക്ഷണം നൽകുന്നത്. വൈകിട്ട് 4ന് പട്ടം ഇ.എം.എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് സിരിജഗൻ, കവി ശ്രീകുമാർ മുഖത്തല തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഗസൽസൂഫി സംഗീത നിശയുമുണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഷീല രാഹുലൻ, ഡോ. എ.കെ. സുധർമ്മ, പ്രകാശ് പി. ഗോപിനാഥ്, എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു. ഫോൺ: 9446917017.