nov12a

ആ​റ്റിങ്ങൽ: വഞ്ചിയൂർ വൈദ്യശാല മുക്ക് - മുല്ലശ്ശേരി റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടും അധികൃതർക്ക് അനക്കമില്ല. റോഡ് പൊളിഞ്ഞ് ടാറും മെ​റ്റലും ഇളകിക്കിടക്കുകയാണ്. തീർത്തും ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതിലൂടെ കാൽനട യാത്രപോലും ദുഷ്‌കരമാണ്. റോഡിൽ അ​റ്റകു​റ്റപ്പണികൾ പോലും യഥാസമയം നടന്നിട്ടില്ലെന്നാണ് പരാതി.കരവാരം പഞ്ചായത്തിലെ പത്താം വാർ‌ഡ് പരിധിയിലാണ് ഈ റോഡ് ഇതിൽ അരകിലോമീറ്റർ ഭാഗം മുഴുവനായി ഇളകി കുണ്ടും കുഴിയുമായി ഭീകരാന്തരീക്ഷമാണ്. ഇതുവഴി ഇരുചക്ര വാഹനങ്ങൾക്ക് കടന്നു പോകാൻ എറെ ബുദ്ധിമുട്ടാണ്. കൂടാതെ ഈ ഭാഗത്ത് കൊടും വളവും ഉണ്ട്.നിരവധി സ്‌കൂൾ ബസുകൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. റോഡിന്റെ അവസ്ഥ കാരണം ഒന്നു രണ്ടു ദിവസം സർവീസ് നടത്തിക്കഴിയുമ്പോൾ വാഹനം പണിക്ക് കയറ്റേണ്ട അവസ്ഥയാണെന്ന് ബസ് ജീവനക്കാർ പറഞ്ഞു.സർവീസ് ബസുകൾ ഇതുവഴി ഇല്ലാത്തതിനാൽ യാത്രയ്ക്കായി നാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷയിലുളേള യാത്ര ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. രോഗികളും ഗർഭിണികളുമെല്ലാം യാത്രയ്ക്കായി വളരെ പ്രയാസപ്പെടുകയാണ്. റോഡ് തകർന്നു കിടക്കുന്നതിനാൽ പലപ്പോഴും ഓട്ടോ വിളിച്ചാൽ ഇതുവഴി വരാൻ വിസമ്മതിക്കുകയാണ്.