ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ മൈങ്കല്ലിയൂർ വീട്ടിൽ സുരേഷ് കുമാറിന്റെ വീടിനോട് ചേർന്നുള്ള മാലിന്യവാഹിയായ ഓട വീടിനും മതിലിനും അപകടഭീഷണിയാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി സുരേഷ് കുമാറിന്റെ മൂന്ന് സെന്റ് സ്ഥലം ഹൈവേക്ക് വിട്ടുകൊടുത്തിരുന്നു. പാതവികസനത്തിന്റെ ഭാഗമായി അധികൃതർ റോഡിന് സമീപം മണ്ണിട്ട് ഉയർത്തിയതോടെ സുരേഷിന്റെ വീട് അഞ്ചടി താഴ്ച്ചയിലായി. അമ്പതിനായിരം രൂപ ചെലവിട്ട് പടികെട്ടി ഉയർത്തിയാണ് പിന്നീട് റോഡിലേക്ക് കടക്കാനുള്ള വഴി സജ്ജമാക്കിയത്. ഓടയിൽ നിന്നുള്ള മാലിന്യ ഒഴുക്ക് കാരണം സുരേഷിന്റെ വീടിനോട് ചേർന്നുള്ള ഭിത്തി ഇടിഞ്ഞുവീഴുകയാണ്. വീടിനോട് ചേർന്നുള്ള മതിൽഭാഗം കരാറുകാരൻ കോൺക്രീറ്റ് ചെയ്തു തരാമെന്ന് അറിയിച്ചെങ്കിലും അയൽവാസി തർക്കവുമായി രംഗത്തെത്തിയതോടെ പണികൾ മുടങ്ങി. ഓടയിൽ നിന്നും മാലിന്യഒഴുക്കിന്റെ ശക്തിവർദ്ധിച്ചതോടെ ബാത്ത് റൂം ഭാഗീഗമായി പൊളിഞ്ഞു തുടങ്ങിയിരിക്കുകയാണ്. ഒരാഴ്ച് മുമ്പ് പെയ്ത കനത്ത മഴയിൽ വീടിനോട് ചേർന്നുള്ള മതിൽക്കെട്ടിന്റെ കുറേ ഭാഗം ഒലിച്ചുപോയി. പള്ളിച്ചൽ വില്ലേജിൽ പരാതി നൽകിയെങ്കിലും ആരും നടപടി സ്വീകരിക്കുന്നില്ലെന്നാണ് വീട്ടുടമയുടെ പരാതി. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കളക്ടർ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് വീട്ടുടമ അറിയിച്ചു.