തിരുവനന്തപുരം : നെഹ്‌റു ഫൗണ്ടേഷൻ സംസ്ഥാന സമിതിയുടെ ഈ വർഷത്തെ ജവഹർലാൽ നെഹ്‌റു എക്സലൻസ് അവാർഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ കോവളം സതീഷ് കുമാർ അർഹനായി. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ പരിഗണിച്ചാണ് അവാർഡ്. ഗാന്ധിഭവൻ പുരസ്കാരം, തമ്പി കാക്കനാടൻ അവാർഡ്, വയലാർ നവതി പുരസ്കാരം തുടങ്ങിയവ സതീഷ്‌കുമാറിന് നേരത്തേ ലഭിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ ആരോഗ്യസേവന പ്രവർത്തനങ്ങൾ പരിഗണിച്ച് ഡോ. സി.എ. മോഹനൻ, ഡോ. വി.കെ. അബ്ദുൽ അസീസ്, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ടെസി ജോൺ എന്നിവർക്കും എക്സലൻസ് അവാർഡുകൾ നൽകും. ജവഹർലാൽ നെഹ്റുവിന്റെ 130-ാം ജന്മദിനമായ നാളെ തിരുവനന്തപുരം മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ അവാർഡ് നൽകുമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ്, ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. സുഗതൻ എന്നിവർ അറിയിച്ചു.