yacobite-suriyani

തിരുവനന്തപുരം: വിശ്വാസവും ആരാധനാവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ സെക്രട്ടേറിയറ്റിനു മുന്നിൽ വിശ്വാസ മതിൽ തീർത്തു. വൈദികരുടെ പ്രസംഗങ്ങൾക്കൊടുവിൽ വിശ്വാസികൾ കൈകൾ കോർത്ത് പ്രതിജ്ഞയെടുത്ത ശേഷമാണ് പിരിഞ്ഞത്. സഭാ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യവും, മാന്യമായ മൃതദേഹ സംസ്‌കാരാവകാശവും അനുവദിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭയുടെ മുംബയ് ഭദ്രാസനാധിപൻ തോമസ് മോർ അലകസന്ത്രയോസ് മെത്രാപ്പോലീത്തായുടെയും കട്ടച്ചിറപള്ളിയുടെയും ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സഹനസമരം എട്ടാം ദിവസം പിന്നിട്ട ഇന്നലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വിശ്വസികൾ മഞ്ഞക്കൊടികളുമേന്തി എത്തിയത്. 'യാക്കോബായ സഭയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ ആവശ്യമായ നിയമ നിർമ്മാണം നടത്തണമെന്നും കട്ടച്ചിറയിൽ കഴിഞ്ഞ 15 ദിവസമായി ഭവനത്തിനുമുന്നിലെ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ആവശ്യപ്പെട്ടു.സഭയിലെ സീനിയർ മെത്രാപോലീത്ത എബ്രഹാം മോർ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തീമോത്തിയോസ്, ഡോ ഗീവർഗീസ് മോർ കൂറിലോസ്, സമരനായകൻ തോമസ് മോർ അലക്സാണ്ടര് യോസ്, മാത്യൂസ് മോർ തേവോദോസിയോസ്, തുടങ്ങിയവർക്കൊപ്പം എം.എൽ.എ മാരായ അനൂപ് ജേക്കബ്,​ എൽദോസ് കുന്നപ്പള്ളിൽ,​ റോജി ജോൺ എന്നിവരും സംസാരിച്ചു.