കിളിമാനൂർ: കൊട്ടും കുരവയുമൊക്കെയായി തറക്കല്ലിട്ട കൊടുവഴനൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം വാനം തോണ്ടലിൽ കലാശിച്ചു.
ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ 34 ലക്ഷം രൂപ വകയിരുത്തുകയും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2014 ജൂലൈ 22 ന് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ് തറക്കല്ലിടുകയും ചെയ്തത്. 6 മാസത്തിനകം പണി പൂർത്തിയാക്കി സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അന്ന് മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ 5വർഷം കഴിഞ്ഞിട്ടും ഫില്ലറുകൾ സ്ഥാപിക്കാനെടുത്ത വാനം വെട്ടലിൽ മാത്രം പണി ഒതുങ്ങിയിരിക്കുന്നു. കുഴികുത്തിയ ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച് മുങ്ങുകയായിരുന്നത്രെ.
2014 ജൂലൈ 3ന് സൈറ്റ് ഹാൻഡ് ഓവർ ചെയ്തെങ്കിലും കരാറുകാരൻ പണിയിൽ അലംഭാവം കാട്ടിയതിനെ തുടർന്ന് റിസ്ക് ആൻഡ് കോസ്റ്റൽ വർക്ക് ടെർമിനേറ്റു ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിൽ നിന്നും 2016ൽ രേഖാമൂലം മറുപടി ലഭിച്ചു.
പണി മുടങ്ങിയത് സംബന്ധിച്ച കാരണം കാണിക്കാൻ ആറ്റിങ്ങൽ കെട്ടിടവിഭാഗം എ.ഇ ഇയോട് ചിറയിൻകീഴ് തഹസിൽദാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ഈ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറുകാരൻ കുറച്ചു പണികൾ മാത്രം ചെയ്ത് പണി നിറുത്തിവച്ചതായും തുടർ പ്രവർത്തനം ആരംഭിക്കണമെന്ന് നിരവധി തവണ കത്തുമൂലം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം തിരുവനന്തപുരം കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറെ അറിയിക്കുകയും കരാർ റദ്ദു ചെയ്തു റീ ടെൻഡറിന് ശുപാർശ ചെയ്തിട്ടുള്ളതായും ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ ഫോറം കൻവീനർ ഡോ. തേമ്പാമ്മൂട് സഹദേവന് ലാൻഡ് റവന്യൂ കമ്മീഷണർ രേഖാമൂലം അറിയിച്ചു. എന്നാൽ നാളിത് വരെ കഴിഞ്ഞിട്ടും വില്ലേജാഫീസിന്റെ പണിതുടങ്ങാൻ അധികൃതർ തയ്യാറായിട്ടില്ല.