വർക്കല: ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ രോഗിസൗഹൃദ അന്തരീക്ഷം, ബയോമെഡിക്കൽ മാലിന്യ സംസ്കരണം, അണുവിമുക്ത സംവിധാനം, പ്രകൃതി അനുകൂല പദ്ധതികൾ എന്നിവ വിലയിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ ഗുണമേന്മാ പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ തീയേറ്രറിൽ നടന്ന ചടങ്ങിൽ മന്ത്റി കെ.കെ. ഷൈലജയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിമും മെഡിക്കൽ ഓഫീസർ ഡോ. അൻവർ അബ്ബാസും ജീവനക്കാരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്ര, എൻ.ആർ.എച്ച്.എം ഡയറക്ടർ കേശവേന്ദ്രകുമാർ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത എന്നിവർ പങ്കെടുത്തു.