ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന് ക്യൂ നിന്ന വീട്ടമ്മയുടെ മാല നാടോടി സംഘം പൊട്ടിച്ച് കടക്കാൻ ശ്രമിച്ചു. ക്യൂവിൽ നിന്നവരും ആശുപത്രി പരിസത്ത് ഉണ്ടായിരുന്നവരും ചേർന്ന് തമിഴ് നാട് സ്വദേശികളായ മൂന്ന് നാടോടി സ്ത്രീകളെ പിടികൂടി പൊലീസിൽ ഏൽപിച്ചു.

തിരുവള്ളുവർ സ്വദേശികളായ മീര,​ മായ,​ രാധ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കളമച്ചൽ അയിലത്ത് വിള വീട്ടിൽ ശാന്ത ( 60)​ പരിശോധനയ്ക്കായാണ് ആശുപത്രിയിൽ എത്തിയത്. ഇവർ ഒ.പി. ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിന്നപ്പോൾ തൊട്ടു പിന്നിൽ നാടോടി സ്ത്രീകളും വന്നു നിന്നു. ശാന്തയുടെ ഒന്നരപ്പവന്റെ മാല ഒരു സ്ത്രീ പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ സമീപത്തു നിന്നിരുന്ന മറ്റ് രണ്ടുപേരും ഓടിമാറാൻ ശ്രമിച്ചു. ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു.

ഇവരുടെ പക്കൽ നിന്നും മാല കണ്ടെത്താനായില്ലെന്നും പിടി വലിയ്ക്കിടെ മാല വലിച്ചെറിയാനാണ് സാദ്ധ്യതയെന്നും എസ്.ഐ സനൂജ് പറഞ്ഞു. നാടോടികൾ പലപ്പോഴും പേരും സ്ഥലവും തെറ്റായാണ് പറയാറുള്ളതെന്നും ഇതു അങ്ങനെയാകാമെന്നും പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണത്തിലേ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസിന്റെ നിഗമനം.