-k-sreekumar-

തിരുവനന്തപുരം: വി.കെ. പ്രശാന്തിന് പിന്നാലെ ചാക്ക വാർഡിൽ നിന്നുള്ള കെ. ശ്രീകുമാർ ഇനി അനന്തപുരിയെ നയിക്കും. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ 42 വോട്ടും നേടിയാണ് ശ്രീകുമാർ 45-ാമത് മേയറായത്. സ്വതന്ത്ര സ്ഥാനാർത്ഥിയെ കളത്തിലിറക്കാനുള്ള പ്രതിപക്ഷത്തിന്റെ അട്ടിമറി സാദ്ധ്യതകൾ ഇല്ലാതായതോടെയാണ് ശ്രീകുമാറിന് മേയർ കസേരയിലേക്കുള്ള വഴി അനായാസമായത്. ആകെ 100 അംഗങ്ങളുള്ള നഗരസഭയിൽ വി.കെ. പ്രശാന്തിന്റെ രാജിയോടെ 99 അംഗങ്ങളാണുള്ളത്. ഇതിൽ 42 എൽ.ഡി.എഫിനും 35 ബി.ജെ.പിക്കും 21 യു.ഡി.എഫിനും ഒരു സ്വതന്ത്രയുമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡി. അനിൽകുമാറും ബി.ജെ.പിക്കായി എം.ആർ. ഗോപനും മത്സരരംഗത്തുണ്ടായിരുന്നു. വോട്ട് ചെയ്യാൻ അവകാശമുണ്ടായിരുന്നെങ്കിലും രണ്ടാം റൗണ്ടിൽ യു.ഡി.എഫുകാർ വിട്ടുനിന്നു. ശ്രീകുമാറും ഗോപനും അവരവരുടെ വോട്ടുകൾ പെട്ടിയിലാക്കിയതോടെയാണ് ശ്രീകുമാർ വിജയിച്ചത്.

അടച്ചിട്ട ഹാളിലെ തിരഞ്ഞെടുപ്പ് രംഗങ്ങൾ

സമയം രാവിലെ 11

വരണാധികാരിയായ കളക്ടർ കെ. ഗോപാലകൃഷ്ണൻ കൗൺസിൽ ഹാളിലേക്ക് എത്തുമ്പോൾ കൗൺസിലർമാരെല്ലാം ഹാജർ. സുരക്ഷ കണക്കിലെടുത്ത് കൗൺസിൽ ഹാളിന്റെ വാതിലുകളെല്ലാം അടച്ചു.
തുടർന്ന് അംഗങ്ങളുടെ ഹാജർ രേഖപ്പെടുത്തി. 99 പേരും ഹാജർ. വരണാധികാരി തിരഞ്ഞെടുപ്പ് നടപടി വിശദീകരിച്ചു.

സമയം 11.15ന് നാമനിർദ്ദേശം

സോളമൻ വെട്ടുകാട് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി കെ. ശ്രീകുമാറിനെ നാമനിർദ്ദേശം ചെയ്തു. പാളയം രാജൻ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡി. അനിൽകുമാറിനെ നിർദ്ദേശിച്ചത് ബീമാപള്ളി റഷീദും പിന്താങ്ങിയത് വി.ആർ. സിനിയും. എം.ആർ. ഗോപനെ ബി.ജെ.പി സ്ഥാനാർത്ഥിയായി വി. ഗിരികുമാർ നിർദ്ദേശിച്ചു. സിമി ജ്യോതിഷ് പിന്തുണച്ചു. ഡയസിൽ ക്രമീകരിച്ചിരുന്ന ബാലറ്റ് പെട്ടി തുറന്ന് ഉദ്യോഗസ്ഥർ അംഗങ്ങളെ ബോദ്ധ്യപ്പെടുത്തി. 11.30ന് ബാലറ്റുകളുടെ വിതരണം. തുടർന്ന് വാർഡുകളുടെ ക്രമനമ്പർ പ്രകാരം ഓരോരുത്തരെ വോട്ടുരേഖപ്പെടുത്താനായി ക്ഷണിച്ചു.

സമയം12.30, മൂന്ന് വോട്ടുകൾ അസാധു

ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തുടർന്ന് മൂന്ന് പാർട്ടികളുടെയും പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണൽ. കെ. ശ്രീകുമാറിന് 42 വോട്ടും ലഭിച്ചു. അനിൽകുമാറിന് 20 ഉം ഗോപന് 34 വോട്ടുകളും. പ്രതിപക്ഷത്തിന്റെ ഓരോ വോട്ടുകളുൾപ്പെടെ മൂന്ന് വോട്ടുകൾ അസാധുവായി. കോൺഗ്രസിലെ സി. ഓമന ബാലറ്റിൽ ഒപ്പിടാതെ പേര് മാത്രം എഴുതിയതാണ് അസാധുവാകാൻ കാരണം. എന്നാൽ ബി.ജെ.പിയിലെ ജ്യോതി സതീശൻ ഒപ്പിട്ടു, പക്ഷേ പേരെഴുതിയില്ല. സ്വതന്ത്ര അംഗമായ ലതാകുമാരി ബാലറ്റിൽ ആരുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തിയില്ല. ഇതോടെ ഏറ്റവും കുറവ് വോട്ടു ലഭിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. അനിൽകുമാറിനെ ഒഴിവാക്കി. രണ്ടാംഘട്ടം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായി.

സമയം 1 മണി, രണ്ടാംറൗണ്ട് വോട്ടെടുപ്പ്

ഇരുകൂട്ടർക്കും വോട്ടു ചെയ്യാൻ താത്പര്യം ഇല്ലെന്ന് അറിയിച്ച് രണ്ടാംറൗണ്ട് വോട്ടടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതായി യു.ഡി.എഫ് പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ 21 പേർ വിട്ടുനിന്നതോടെ രണ്ടാംഘട്ട വോട്ടെടുപ്പിൽ പങ്കെടുത്തവർ 78. ഓരോരുത്തരായി വോട്ടു രേഖപ്പെടുത്തി. 40 മിനിട്ടോളം നീണ്ട നടപടികൾക്കൊടുവിൽ എൽ.ഡി.എഫിലെ കെ. ശ്രീകുമാർ 42 വോട്ടു സ്വന്തമാക്കി. 35 വോട്ടുനേടി എം.ആർ. ഗോപൻ രണ്ടാമതും. വോട്ടെടുപ്പിൽ പങ്കെടുത്ത സ്വതന്ത്ര ലതാകുമാരി ആദ്യ റൗണ്ടിലേത് പോലെ ഇക്കുറിയും വോട്ട് അസാധുവാക്കി. തുടർന്ന് വിജയിയെ പ്രഖ്യാപിച്ചു. കൗൺസിലർമാരും നേതാക്കളും ശ്രീകുമാറിനെ അഭിനന്ദിച്ചു.

സമയം 1.50, സത്യപ്രതിജ്ഞ

കളക്ടർ കെ. ഗോപാലകൃഷ്ണൻ ശ്രീകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഔദ്യോഗിക വേഷവും അണിയിച്ച് മേയറുടെ കസേരയിലേക്ക് ആനയിച്ചു. തുടർന്ന് മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ കക്ഷി നേതാക്കളായ എം.ആർ. ഗോപൻ, ഡി. അനിൽകുമാർ, എസ്. പുഷ്പലത, ബീമാപള്ളി റഷീദ്, വെട്ടുകാട് സോളമൻ, വി.ആർ. സിനി എന്നിവർ സംസാരിച്ചു. കൗൺസിൽ നടപടികൾക്ക് ശേഷം മുദ്രാവാക്യത്തോടെയാണ് ഇടതു അംഗങ്ങളും അണികളും ശ്രീകുമാറിനെ സ്വീകരിച്ച് മേയറുടെ ഓഫീസിലേക്ക് എത്തിച്ചത്.

മാദ്ധ്യമങ്ങളെ കണ്ടശേഷം 2.15 ഓടെ നഗരസഭയിൽ നിന്നു രക്തസാക്ഷി മണ്ഡപത്തിലേക്ക് ആഹ്ലാദപ്രകടനവും നടന്നു.