ആരോഗ്യ സൂചികകളിൽ ദേശീയ ശരാശരിയിൽ മുന്നിലുള്ള കേരളത്തിന് ഭൂഷണമല്ല പ്രമേഹത്തിന്റെ തലസ്ഥാനമെന്ന വിളിപ്പേര്. പ്രമേഹം ജീവിത ശൈലിരോഗമെങ്കിൽ മാറ്റം വേണ്ടത് ഭക്ഷണരീതികളുൾപ്പെടെയുള്ള ജീവിതശൈലിക്കല്ലേ? അല്ലാതെ മരുന്നുകളുടെ കമ്പനിയും ഇൻസുലിന്റെ ബ്രാൻഡും ശരീരത്തിലേക്ക് അത് കുത്തുന്ന സ്ഥലവും മാറിയാൽ മതിയോ? രാജ്യം ചന്ദ്രയാനിലെത്തിയെങ്കിലും പ്രമേഹത്തെക്കുറിച്ച് പണ്ടത്തെ അറിവുകൾ തന്നെ ഇന്നും, അതാകട്ടെ, പലതും അബദ്ധങ്ങളുമാണ്.
പ്രമേഹമുണ്ടെന്നറിഞ്ഞാൽ സ്വീകരിക്കുന്ന പതിവുകൾക്ക് ഇപ്പോഴും മാറ്റമില്ല. മധുരം ഉപേക്ഷിക്കുക, അത്താഴം ഗോതമ്പാക്കുക, രാവിലെ നടത്തം പതിവാക്കുക, മുത്താറി, റവ, പാവയ്ക്കാ ജ്യൂസ് തുടങ്ങി ഓരോരോ പ്രതിവിധികൾ പരീക്ഷിക്കുക, മരുന്ന്, പിന്നെ, ഇൻസുലിൻ ഇതു മതിയോ? ശരിയായ ചികിത്സ കാരണങ്ങളിലേക്കല്ലേ എത്തേണ്ടത്?
നമുക്ക് പ്രവൃത്തികൾ ചെയ്യാൻ ഊർജ്ജം ഗ്ളൂക്കോസ് നൽകുന്നു. പാൻക്രിയാസിലെ ബീറ്റാകോശങ്ങളിലെ ഹോർമോൺ ഇൻസുലിനാണ് ഗ്ളൂക്കോസിനെ പേശികളിലേക്ക് കടത്തിവിടുന്നത്. 90 മുതൽ 95 ശതമാനം വരെ ഗ്ളൂക്കോസും പേശികളാണ് ഉപയോഗിക്കുന്നത്. ഓരോ പേശികളുടെയും സംഭരണശേഷി 2 ശതമാനം മാത്രമാണ്. ഗ്ളൂക്കോസ് ഊർജ്ജമായി മാറുന്ന മുറയ്ക്ക് ഇൻസുലിൻ ഗ്ളൂക്കോസിനെ പേശികളിലേക്ക് കടത്തിവിടും. പക്ഷേ, പേശികളിൽ സംഭരിച്ച ഗ്ളൂക്കോസ് ഊർജ്ജമാകാതെ അവിടെത്തന്നെ ഇരിക്കുകയാണെങ്കിലോ?
രക്തത്തിൽ എത്രതന്നെ ഇൻസുലിൻ ഉണ്ടായിട്ടും കാര്യമില്ല. പേശികളിലേക്ക് രക്തത്തിൽ നിന്നും ഗ്ളൂക്കോസ് പിന്നെ കയറില്ല. ഉള്ള ഇൻസുലിന് തന്നെ പണിയില്ലാത്തപ്പോൾ പാൻക്രിയാസ് ഇൻസുലിൻ നിർമ്മാണം നിറുത്തിത്തുടങ്ങും. ബീറ്റാകോശങ്ങൾ മടിപിടിച്ചുറങ്ങും. കാലക്രമത്തിൽ നശിക്കും. ഇത്തരത്തിൽ 80 ശതമാനം ബീറ്റാകോശങ്ങൾ പ്രവർത്തനരഹിതമാകുമ്പോൾ പ്രമേഹം വരുന്നു.
പക്ഷേ, പേശികളിൽ ഗ്ളൂക്കോസിന് കയറിപ്പോകാൻ ഇടം ലഭിച്ചാൽ രക്തത്തിൽ ഗ്ളൂക്കോസ് അധികരിക്കില്ല. കോശങ്ങൾ ഗ്ളൂക്കോസിന്റെ സിഗ്നൽ അവഗണിക്കുന്ന പ്രമേഹത്തിന്റെ മൂലകാരണങ്ങളിലൊന്നായ ഇൻസുലിൻ റെസിസ്റ്റൻസ് വരില്ല. ഗ്ളൂക്കോസിനെ ഊർജ്ജമാക്കി മാറ്റാൻ ഒറ്റമരുന്നേ ഭൂമിയിൽ നിലവിലുള്ളൂ. അതാണ് വ്യായാമം, ഗുളിക കഴിച്ചോ, കുത്തിവച്ചോ രക്തത്തിൽ ഇൻസുലിൻ എത്തിയാലും പേശികളിൽ സ്ഥലം ഒഴിവില്ലെങ്കിൽ എന്തുഫലം? ഇതാണ് പ്രമേഹ ചികിത്സയിൽ വ്യായാമത്തിന്റെ പ്രാധാന്യം. വ്യായാമം ഒഴിവാക്കിയ ജീവിതം പ്രമേഹ രോഗി ചിന്തിക്കുകപോലുമരുത്. എന്നുകരുതി രാവിലെ നടക്കാനിറങ്ങിയാലോ?
പ്രമേഹ രോഗിക്ക് നടത്തമല്ല വേണ്ടത്. കാരണമുണ്ട്, പേശികൾക്കകത്ത് ഗ്ളൂക്കോസ്-6 ഫോസ്ഫറ്റേസ് എന്നൊരു എൻസൈം ഇല്ല. അതിനാൽ ഒരിക്കൽ പേശിക്കകത്ത് കയറിയ ഗ്ളൂക്കോസിനെ ഊർജ്ജമാക്കാൻ ആ പേശിക്കു മാത്രമേ കഴിയൂ. നടക്കുമ്പോൾ കാൽവണ്ണയിലെ പേശികളിലെ ഗ്ളൂക്കോസ് ഊർജ്ജമാകും. പകരം കരളിൽ നിന്ന് ഗ്ളൂക്കോസ് രക്തത്തിലൂടെ കാൽവണ്ണയിലെ പേശികളിൽ കയറും. മറ്റെല്ലാ പേശികളിലെയും ഗ്ളൂക്കോസ് അവിടങ്ങളിൽ അനങ്ങാതെ ഇരിക്കും. നടത്തത്തെ വ്യായാമമെന്ന് വിളിക്കാമെങ്കിൽ കൈയും കാലും മാത്രം നനയ്ക്കുന്നതിനെ കുളി എന്നും വിളിക്കാം. എല്ലാ പേശികളും ഉൾപ്പെടുന്ന വ്യായാമത്തിന് മാത്രമേ രക്തക്കുഴലുകളിൽ അടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ നീക്കി പാൻക്രിയാസടക്കം എല്ലാ അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം കൂട്ടാൻ കഴിയൂ. അവയവങ്ങളുടെ പരിപാലനത്തിന് എല്ലാ പേശികളും ഉൾപ്പെടുന്ന വ്യായാമം തന്നെ ചെയ്യണം. നടത്തം പോരാ.
എന്താണ് മധുരം? തേനും പഴങ്ങളും ദഹനശേഷം ഫ്രക്ടോസാകും. അരി, ഗോതമ്പ് തുടങ്ങിയവ ഗ്ളൂക്കോസും. മധുരം ഗ്ളൂക്കോസിനോ? ഫ്രക്ടോസിനോ? സംശയമെങ്കിൽ ഗ്ളൂക്കോസും പഞ്ചസാരയും വെവ്വേറെ കലക്കി രുചിച്ചുനോക്കുക. പഞ്ചസാര 50 ശതമാനം ഗ്ളൂക്കോസ് 50ശതമാനം ഫ്രക്ടോസുമാണ്. പഞ്ചസാര ലായനിക്കു മധുരം വരുത്തിയത് ഫ്രക്ടോസാണ്. ഫ്രക്ടോസിന്റെ ഗ്ളൈസമിക് ഇൻഡക്സ് വെറും 19 ആണ്. ഗ്ളൂക്കോസിന്റേത് 100 ഉം അതായത് 100 ഗ്രാം അരിയോ കിഴങ്ങോ ഗോതമ്പോ കഴിക്കുമ്പോൾ രക്തത്തിലെത്തുന്ന ഊർജ്ജത്തിന് തുല്യമാകണമെങ്കിൽ 500 ഗ്രാം പഴങ്ങൾ കഴിക്കണം. ഇതാണ് വസ്തുതയെന്നിരിക്കെ പ്രമേഹരോഗി മധുരം ഒഴിവാക്കുന്നതെന്തിനാണ്? മധുരം ഫ്രക്ടോസാണ്. ഫ്രക്ടോസും പ്രമേഹവുമായി ഒരു ബന്ധവുമില്ല. വേവിക്കാത്ത പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുള്ള ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ഫൈറ്റോ കെമിക്കൽസും ചെറുപ്പവും ഓജസ്സുമെല്ലാം നിലനിറുത്തുന്നതിൽ പ്രധാനമാണ്. മധുരം ഒഴിവാക്കിയതല്ലേ പ്രമേഹരോഗിയുടെ ജീവിതം നരകമാക്കിയത്?(തുടരും)
(അഭിപ്രായം വ്യക്തിപരം)