വിതുര: കേരളകൗമുദിയുടെ പാണയം ഏജന്റ് മലയടി രാജേന്ദ്രൻ (64) ഇന്നലെ പുലർച്ചെ ജീവിതത്തോട് വിടവാങ്ങി. 30 വർഷമായി കേരളകൗമുദിയുടെ പാണയം ഏജന്റായി പ്രവർത്തിക്കുന്ന രാജേന്ദ്രൻ തൊളിക്കോട്, വിതുര, ആര്യനാട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് പത്രം വിതരണം നടത്തിയിരുന്നത്. സൈക്കിളുമുരുട്ടി ഏതുകുന്നും മലയും കയറി പത്രവുമായി രാജേന്ദ്രനെത്തും. കാട്ടുമൃഗശല്യമുള്ള ആദിവാസി ഉൗരുകളിൽപ്പോലും രാജേന്ദ്രൻ പത്രവുമായി എത്താറുണ്ട്. ഏജൻസി തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായെങ്കിലും രാജേന്ദ്രൻ സൈക്കിൾ ചവിട്ടിയാണ് പത്രം വിതരണം നടത്തുന്നത്. എല്ലാ ദിവസവും അതിരാവിലെ മൂന്ന് മണിക്ക് പത്രവിതരണത്തിനായി വീട്ടിൽ നിന്ന് പുറപ്പെടും. അവിവാഹിതനായ രാജേന്ദ്രന് പത്രത്തോടും, വായനയോടുമാണ് ഏറെ ഇഷ്ടം. മരിക്കുംവരെ പത്ര ഏജൻസി നടത്തുമെന്നാണ് രാജേന്ദ്രൻ ബന്ധുക്കളോട് പറഞ്ഞിരുന്നത്. പതിവു പോലെ ഇന്നലെ അതിരാവിലെ എണീറ്റ് കുളികഴിഞ്ഞ് സൈക്കിളുമെടുത്ത് പുറപ്പെടാൻ ഒരുങ്ങിയപ്പോൾ നെഞ്ചുവേദനവന്ന് കുഴഞ്ഞു വീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കേരളകൗമുദിക്കൊപ്പം മറ്റ് പത്രങ്ങളുടെ ഏജൻസിയും നടത്തുന്നുണ്ട്. രാജേന്ദ്രന്റെ വിയോഗവാർത്തയറിഞ്ഞ് വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തി. എസ്.എൻ.ഡി.പി യോഗം മലയടി ശാഖാംഗവും കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്ന രാജേന്ദ്രന്റെ നിര്യാണത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.എ കൃഷ്ണകുമാരി, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാബീഗം എന്നിവർ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. കേരളകൗമുദിക്കായി വിതുര ലേഖകൻ കെ. മണിലാൽ റീത്ത് സമർപ്പിച്ചു.