നെടുമങ്ങാട് : നവംബർ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണം നെടുമങ്ങാട് താലൂക്കിൽ മുടങ്ങിയതോടെ കാർഡുടമകൾ ബുദ്ധിമുട്ടിലായി. താലൂക്കിലെ 450 ഓളം വരുന്ന റേഷൻ ഷോപ്പുകൾ കാലിയായിട്ടും റേഷൻ വിതരണം കാര്യക്ഷമമാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയും ആരംഭിച്ചിട്ടില്ലെന്നാണ് പരാതി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ താലൂക്കിലെ രണ്ടു ഗോഡൗണുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയതിന്റെ പേരിൽ സസ്‌പെൻഷനിലായതോടെയാണ് താലൂക്കിലെ റേഷൻ വിതരണം അനിശ്ചിതത്വത്തിലായത്. സസ്പെൻഷനിലായവർക്ക് പകരമായി മറ്റു ഉദ്യോഗസ്ഥർക്ക് ചുമതല നൽകി വിതരണം പുനരാരംഭിക്കാൻ മാനേജർ അടക്കമുള്ളവർ കാണിക്കുന്ന അലംഭാവമാണ് റേഷൻ വിതരണം മുടങ്ങാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ആദിവാസി മേഖലയിലടക്കം റേഷൻ സംവിധാനത്തെ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിലുള്ള അരി ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. ഗോഡൗണുകളിൽ ടൺ കണക്കിന് അരിയും ഗോതമ്പുമടക്കം കെട്ടിക്കിടന്നു നശിക്കുമ്പോഴാണ് കടകളിൽ വിതരണത്തിന് ലഭിക്കാത്ത സ്ഥിതി സംജാതമായിരിക്കുന്നത്. പൊതുജനങ്ങളും റേഷൻ കടക്കാരും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റം പതിവാണ്.