തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായിരുന്ന കുടിവെളളം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുടങ്ങിയതായി മനുഷ്യാവകാശ കമ്മിഷനിൽ പരാതി. നന്തൻകോട് കനകനഗർ സ്വദേശികളാണ് പരാതിയുമായി എത്തിയത്. ജല അതോറി​ട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർ നാലാഴ്ചയ്ക്കകം മറുപടി ഫയൽ ചെയ്യണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പല ദിവസങ്ങളിലും കുടിവെള്ളവിതരണം ഉണ്ടാകാറില്ല. കനകനഗറിലുള്ള രണ്ട് ഫ്‌ളാ​റ്റുകളിലേക്ക് വെള്ളം വഴിതിരിച്ചു വിടുന്നതായി സംശയമുണ്ടെന്ന് എസ്.എസ്. അരുൺകുമാർ നൽകിയ പരാതിയിൽ പറയുന്നു. കുടിവെള്ള ക്ഷാമത്തെ കുറിച്ച് നഗരസഭാ കൗൺസിലറോട് പരാതി പറഞ്ഞപ്പോൾ നഗരസഭയല്ല കുടിവെള്ളം വിതരണം ചെയ്യുന്നതെന്നായിരുന്നു മറുപടിയെന്ന് പരാതിയിൽ പറയുന്നു.