uyf

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ജംഗ്ഷനു സമീപം കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസും കൂട്ടിയിടിച്ച്, കാറിലുണ്ടായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരനെയും മാതാപിതാക്കളെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേൽ നജീബിന്റെ മകളും കളമശേരി എസ്.സി.എം.എസ് കോളേജ് ബികോം അവസാനവർഷ വിദ്യാത്ഥിനിയുമായ ഫാത്തിമയാണ് (19) തൽക്ഷണം മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് നജീബ് (52), സഹോദരൻ മുഹമ്മദാലി (23), മാതാവ് സുജ (45) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദാലിയുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നജീബിന്റെ ചികിത്സയ്ക്കായി പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. ഫാത്തിമ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. ആശുപത്രിയിലേക്കു പോകുന്നതിനിടെ ഫാത്തിമയെ ഇവർ സന്ദർശിച്ചിരുന്നു. മടക്കയാത്രയിൽ, താനും വരുന്നെന്നുപറഞ്ഞ് ഫാത്തിമയും ഒപ്പം കൂടുകയായിരുന്നു.