വെള്ളറട: കേരള - തമിഴ്നാട് അതിർത്തിയായ പനച്ചമൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഇതിനു മോചനം കണ്ടെത്താൻ കാര്യമായ നടപടി ഉണ്ടായിട്ടില്ല. അപകടങ്ങൾ ഇവിടെ പതിവാണ്. പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ മുതൽ മുസ്ളിം പള്ളിവരെയുള്ള ഭാഗത്ത് അനധികൃത പാർക്കിംഗ് ഒഴിവാക്കുകയും റോഡു കൈയേറിയുള്ള നിർമാണങ്ങളും കച്ചവടങ്ങളും നിറുത്തലാക്കുന്നതിനുള്ള നടപടിയുണ്ടായാൽ ഒരു പരിധിവരെ ഗതാഗത കുരുക്കിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമായിരുന്നു.

പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട്ടിൽ ചന്ത ദിവസമായ ബുധനും ശനിയും യാത്രക്കാർ അനുഭവിക്കുന്നത് ചില്ലറ ബുദ്ധിമുട്ടല്ല. പനച്ചമൂട് വെയിറ്റിംഗ് ഷെഡുമുതൽ റോഡിന്റെ ഇരുവശങ്ങളിലും ഒരു ഭാഗത്ത് ഗുഡ്സ് ഓട്ടോകളും മറുഭാഗത്ത് പാസഞ്ചർ ഓട്ടോകളും കൈയേറിയുള്ള അനധികൃത പാർക്കിംഗും ഗതാഗതകുരുക്കിന് കാരണമാകുന്നു. ഇവിടെ റോഡിനാണെങ്കിൽ തീരെ വീതികുറവുമാണ്. ഈ ഭാഗത്ത് അപകടങ്ങൾ നിത്യ സംഭവമാണ്. സമീപത്തെ പുളിമൂടു ജംഗ്ഷൻ മുതൽ മുസ്ളിം പള്ളിവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുഭാഗങ്ങളിലും ടാക്സിയും തമിഴ്നാട് ബസുകളും പാർക്ക് ചെയ്യുന്നതുകാരണം കാൽനട യാത്രക്കാർക്ക് പോലും നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. തമിഴ്നാട് ബസുകൾക്ക് സമീപത്തുതന്നെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഡിപ്പോ പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ റോഡിൽ ബസ് പാർക്ക് ചെയ്യുന്നതും ഇവിടെ വന്ന് തിരിയുന്നതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. വെള്ളറട പൊലീസ് പാർക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചതൊഴിച്ചാൽ കരുക്ക് ഒഴിവാക്കാൻ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കടകളിലെ മുമ്പിലെ അനധികൃത പർക്കിംഗ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയെങ്കിലും അതും നടപ്പിലായില്ല. റോഡിന് ഇരുവശവുമുള്ള പാർക്കിംഗ് ഒഴിവാക്കി യാത്രാസൗകര്യം ഒരുക്കിയാൽ മാത്രമേ പനച്ചമൂട്ടിലെ ഗതാഗത കുരുക്കിന് മോചനം ലഭിക്കുകയുള്ളു.

ഇതിനുപുറമെ റോഡുകൈയേറിയുള്ള കച്ചവടവങ്ങളും തുടങ്ങിയത് ഗതാഗതകുരുക്ക് വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒരിക്കൽ പി.ഡബ്ല്യു.ഡി അധികൃതർ പൊലീസും ചേർന്ന് റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചെങ്കിലും വീണ്ടും റോഡുകൈയേറിയുള്ള നിർമ്മാണങ്ങൾ സജീവമായി നടക്കുകയാണ്. ഇതിനു പരിഹാരമായാൽ മാത്രമേ ഒരു പരിധിവരെ ഗതാഗതകുരുക്ക് പരിഹരിക്കാൻ കഴിയുമായിരുന്നു.