വിവിധ വിദേശരാജ്യങ്ങളും മുൻനിര വ്യവസായ സ്ഥാപനങ്ങളും അവരുടെ റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്കും ഭരണനിർവഹണത്തിനും ഏറ്റവുമധികം ഉപയോഗിക്കുന്ന സങ്കേതമാണ് ഹാക്കത്തോണുകൾ. കഴിവുറ്റ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ ഉന്നത തസ്തികകളിൽ തൊഴിൽനേടിക്കൊടുത്തു കൊണ്ടിരിക്കുന്ന വളരെ പ്രചാരമേറിയ പരിപാടിയാണിത്.
ഹാക്കത്തോൺ എന്നാൽ ഒരു പ്രശ്നം പരിഹരിക്കാനായി മണിക്കൂറുകളോളം ഒരു ഗ്രൂപ്പായി ജോലി ചെയ്യുന്ന പ്രക്രിയയാണ്. ഇതിലൂടെ ഒരു വലിയ കൂട്ടം ആളുകളുടെ കഴിവ് അളക്കാനും അവരുടെ പ്രശ്നപരിഹാരശേഷി ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഫലവത്തായ പരിഹാരം കണ്ടെത്താനും കഴിയുന്നു . ഇത് പ്രശ്നപരിഹാരത്തിന്റെ വേഗത വളരെയധികം മെച്ചപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക മുൻനിര സ്ഥാപനങ്ങളും ഹാക്കത്തോണുകൾ നടത്തിവരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപു വരെ ഹാക്കത്തോണുകൾ വലിയ കമ്പനികൾ മാത്രം ഉപയോഗിച്ചിരുന്ന ഉപായമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല. ചെറുകിട സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളും ഹാക്കത്തോണുകൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. സോഫ്ട് വെയർ മേഖലയിൽ നിന്ന് മാറി ഹാക്കത്തോണുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇതിനു ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ് ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ മാനവവിഭവശേഷി മന്ത്രാലയവും എ.ഐ.സി.ടി.ഇയും ചേർന്ന് നടത്തിവരുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണുകൾ. ഹാർഡ്വെയർ രംഗത്തും സോഫ്ട് വെയർ രംഗത്തും കഴിഞ്ഞ മൂന്ന് വർഷമായി സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ രണ്ടു ഭാഗങ്ങളായി രാജ്യമെമ്പാടും നടത്തി. തുടർന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ സിംഗപ്പൂർ ഇന്ത്യ ഹാക്കത്തോണിലും പങ്കെടുപ്പിച്ചിരുന്നു. ഇവയെല്ലാം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വളരെയേറെ ഗുണപ്രദമാകുന്നവയായിരുന്നു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളുടെ പ്രോബ്ലം സ്റ്റേറ്റുമെന്റുകളോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകളും ഉൾപ്പെടുത്തിയിരുന്നു. അത് വിദ്യാർത്ഥികൾക്ക് നേരിട്ട് ഭരണകേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കി. അവർക്ക് രാജ്യപുരോഗതിക്കായി ഏറ്റവും മെച്ചപ്പെട്ട പരിഹാരങ്ങൾ കൊണ്ടുവരാനും അവസരമൊരുക്കിയിരുന്നു. മാനവവിഭവശേഷി മന്ത്രാലയവും എ.ഐ.സി.ടി.യും സിംഗപ്പൂർ എൻ.ടി.യു യൂണിവേഴ്സിറ്റിയും കൂടി സംഘടിപ്പിച്ച സിംഗപ്പൂർ ഇന്ത്യ ഹാക്കത്തോൺ വൻ വിജയമാകുകയും വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്തതോടെ ഹാക്കത്തോണുകൾ രാജ്യത്ത് കൂടുതൽ പ്രചാരം നേടാൻ തുടങ്ങി.
റീബൂട്ട് കേരള ഹാക്കത്തോൺ
ഹാക്കത്തോണുകളുടെ പ്രാധാന്യം കൂടുതൽ വിദ്യാർത്ഥികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കാനായി കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പും അസാപും ചേർന്ന് റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കമിടുകയാണ്. ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന ഈ ഹാക്കത്തോൺ കേരള സർക്കാരിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ നേരിടുന്ന നാനാതരം സാങ്കേതികവും അല്ലാത്തതുമായ പ്രശ്നങ്ങൾ പരിഹരിക്കാനായി തയ്യാറാക്കിയിരിക്കുന്നതാണ്. വിവിധ വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ സമാഹരിച്ച്, കുറഞ്ഞ സമയം കൊണ്ട് ചെലവു കുറഞ്ഞ രീതിയിലുള്ള പരിഹാരങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് തന്നെ തേടുക എന്നതാണ് റീബൂട്ട് കേരള ഹാക്കത്തോണിന്റെ പ്രധാന ഉദ്ദേശ്യം. പ്രാപ്തരായ വിദ്യാർത്ഥികൾക്ക് സ്വയം പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്ത് അത് പരിഹരിക്കാനുള്ള ആശയങ്ങളും സാങ്കേതിക സംവിധാനങ്ങളും നിർമ്മിക്കാവുന്നതാണ്. വിവിധ ഘട്ടങ്ങളായി നടത്തുന്ന വിലയിരുത്തലിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് ആകർഷകമായ സമ്മാനവും അനവധി അവസരങ്ങളും ലഭിക്കുന്നു.
രജിസ്ട്രേഷൻ പൂർത്തിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ടീമുകൾ രൂപീകരിച്ച് ഹാക്കത്തോണിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം റീബൂട്ട് കേരള ഹാക്കത്തോൺ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. നിർദ്ദേശിക്കുന്ന ആശയങ്ങളിൽ നിന്നും പ്രായോഗികത, സുതാര്യത, ചെലവ് തുടങ്ങിയവ കണക്കിലെടുത്തായിരിക്കും പ്രാരംഭ ഹാക്കത്തോണിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുക. പങ്കെടുക്കുന്ന ടീമുകൾക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാനും സൊല്യൂഷനുകൾ ഓൺലൈനായി സബ്മിറ്ര് ചെയ്യാനും അവസരമുണ്ട്. 2020 ജനുവരി 31 മുതൽ ആരംഭിക്കുന്ന ഹാക്കത്തോൺ മാർച്ച് 22 ന് നടക്കുന്ന മെഗാ ഹാക്കത്തോണോടുകൂടി അവസാനിക്കും.
റീബൂട്ട് കേരള ഹാക്കത്തോൺ വെബ്സൈറ്റ് : https://reboot.asapkerala.gov.in